16 November, 2025 01:05:05 PM
ആർഎസ്എസ് നേതാക്കൾ വ്യക്തിഹത്യ നടത്തി; ബിജെപി വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചത് വ്യക്തിഹത്യ താങ്ങാനാകാതെയെന്ന് മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി സനിൽ. ആർഎസ്എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തി. പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ അപവാദം പറഞ്ഞു. പനങ്ങോട്ടേല വാർഡിൽ ബിജെപി തന്നെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചതെന്നും ശാലിനി സനിൽ പറഞ്ഞു.
നെടുമങ്ങാട് മുന്‍സിപ്പാലിറ്റി പരിധിയില്‍ പനങ്ങോട്ടേല വാര്‍ഡിലാണ് ശാലിനിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. ശാലിനിക്കെതിരെ ആര്‍എസ്എസും ഇതേ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി. പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം. ശാലിനി നിലവില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശാലിനി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
'പുറത്ത് ഇറങ്ങി നടക്കാന്‍ കഴിയാത്ത പ്രചാരണങ്ങള്‍ നടത്തി. 10 വര്‍ഷം മുന്നേയും ഇതേ അനുഭവം ഉണ്ടായി. ഇനി മത്സരിക്കണോ വേണ്ടയോ എന്നുള്ള കാര്യം പിന്നീട് ആലോചിക്കും. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് പരാതി അറിയിച്ചിരുന്നു. നേതാക്കളുടെ താല്‍പര്യത്തിന് കൂട്ട് നില്‍ക്കാത്തതാണ് വൈരാഗ്യത്തിന് കാരണം', യുവതി പറഞ്ഞു.
യുവതിയെ മുന്‍സിപ്പാലിറ്റി 16ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കുകയും അനൗദ്യോഗിക പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. ശേഷം നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിത്വം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി ആനന്ദ് തിരുമലയെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ചയാകുന്നതിനിടെയാണ് യുവതിയുടെ ആത്മഹത്യാശ്രമം.






