05 July, 2026 07:53:51 PM
തരിശ് നിലങ്ങളുടെ മാപ്പിങ് ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കും- കൃഷിമന്ത്രി ടി.സിദ്ദിഖ്

കോട്ടയം:തരിശ് നിലങ്ങളുടെ മാപ്പിങ് ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. കോട്ടയം ജില്ലയിലെ കൃഷി ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എന്നിവരുമായുള്ള ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷികവൃത്തി സമ്പന്നമാക്കി കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുകയാണ് ഉദ്ദേശമെന്ന് മന്ത്രി വ്യക്തമാക്കി. നെല്ലിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കും. കോട്ടയം,കുട്ടനാട് എന്നിവിടങ്ങളില്‍ നെല്ലുകളുടെ ഗുണമേന്മ പരിശോധിക്കാനും നിറം മാറുന്നത് സംബന്ധിച്ച് പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും കാര്‍ഷിക സര്‍വകലാശാലയിലെ പ്രത്യേക ടീമിനെ മന്ത്രി ടി.സിദ്ദിഖ് ചുമതലപ്പെടുത്തി. ഒരാഴ്ചക്കകം കര്‍ഷകരുമായും ബന്ധപ്പെട്ടവരുമായും ആശയവിനിമയം നടത്താനും ഇവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
തകര്‍ന്നതും മൂടപ്പെട്ടതും പ്രവര്‍ത്തന ക്ഷമമല്ലാത്തതുമായ കൃഷി ഇടങ്ങളിലേക്കുള്ള ജലസേചന സംവിധാനങ്ങളെ കുറിച്ച് പ്രത്യേകം ശ്രദ്ധയില്‍പ്പെടുത്തണമെന്നും മന്ത്രി ഉദ്ദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് ആര്‍കെവിവൈ ഫണ്ട് വിനിയോഗം സംബന്ധിച്ച അവലോകനവും യോഗം നടത്തി. വന്യമൃഗശല്യം തടയാന്‍ ഉപയോഗിക്കുന്ന ഫണ്ടിന്റെ പരിപാലനം സംബന്ധിച്ച അപര്യാപ്തത പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപനം ഉണ്ടാകുമെന്ന് മന്ത്രി ടി.സിദ്ദിഖ് വ്യക്തമാക്കി.
കൃഷിവകുപ്പിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി സംബന്ധമായ സമയ വിനിയോഗത്തിന്റെ ഡാറ്റാ ശേഖരണം ആരംഭിക്കാനും യോഗം തീരുമാനിച്ചു. കൃഷിവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും യോഗം ചര്‍ച്ച നടത്തി. പ്രകൃതി ക്ഷോഭ ദുരിതാശ്വാസ തുക കര്‍ഷകര്‍ക്ക് ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
കോട്ടയം ജില്ലയിലെ കാര്‍ഷിക മേഖലയെ സംബന്ധിച്ച സമഗ്ര അവലോകനവും കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് ആരംഭിച്ച കതിര്‍ കാര്‍ഷിക ക്ലബുകള്‍, വനിതാ കര്‍ഷകരുടെ ഉന്നമനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കുമായി ആവിഷ്‌കരിച്ച കൃഷി സഖി എന്നീ പദ്ധതികളുടെ പ്രാധാനത്തെ കുറിച്ച് മന്ത്രി വിശദീകരിച്ചു.
വൈക്കം എം.എല്‍.എ കെ ബിനിമോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഐ എ എസ്സ് കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി എല്ലാ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. എ.ഡി.എം. സോളി ആന്റണി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിനു തോമസ്, ആത്മ പ്രോജക്ട് ഡയറക്ടർ നിഷാ മേരി സിറിയക്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലെൻസി തോമസ്, റെജി ജി.വി. ജില്ലയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.





