04 February, 2026 03:51:14 PM
ശബരിമല സ്വര്‍ണക്കൊളള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. കട്ടിളപ്പാളി കേസിലെ സ്വാഭാവിക ജാമ്യത്തിനുളള അപേക്ഷയിലാണ് കോടതി നാളെ വിധി പറയുക. കേസിലെ വാദം പൂര്‍ത്തിയായി. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വാദങ്ങള്‍ പരിശോധിച്ച് എസ്‌ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കോടതി നാളെ വിധി പറയുക.
ദ്വാരപാലക ശിൽപ്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിൽ റിമാൻഡിലായി 90 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ സ്വാഭാവിക ജാമ്യം ലഭിച്ചത്. പിന്നാലെ കഴിഞ്ഞ 31-ാം തീയതി 90 ദിവസം പൂർത്തിയായെന്ന് കാട്ടിയാണ് കട്ടിളപാളി കേസിലും ജാമ്യഹർജിയുമായി ഉണ്ണികൃഷ്ണൻ പോറ്റി വിജിലൻസ് കോടതിയെ സമീപിച്ചത്.
2019-ലാണ് സ്‌പോൺസർ എന്ന നിലയിൽ സ്വർണ്ണം പൂശാനെന്ന വ്യാജേന സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളുടെ പാളികളും കട്ടിളപ്പാളികളും ആദ്യമായി പുറത്തേക്ക് കൊണ്ടുപോകുന്നത്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്. നിലവിൽ ദ്വാരപാലകശിൽപത്തിലെ സ്വർണമോഷണത്തിന്റെയും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണമോഷണത്തിന്റെയും പേരിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതി ചേർത്തിരിക്കുന്നത്.
എസ്‌ഐടിയുടേത് ഏറ്റവും വിശ്വാസയോഗ്യമായ അന്വേഷണമാണെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിനുളള ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലായിരുന്നു ദേവസ്വം ബെഞ്ചിന്റെ പരാമര്‍ശം.
90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ല. ശബരിമലയിലെ സ്വര്‍ണക്കൊള്ള അതിസങ്കീര്‍ണ്ണമായ കേസാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേല്‍നോട്ടത്തിലാണെന്നും അല്പം സമയം കൂടെ എസ്‌ഐടിക്ക് നല്‍കൂവെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു.






