21 March, 2026 09:28:00 AM
ഡോക്ടർ കഞ്ചാവുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിൽ

തിരുവനന്തപുരം: കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യുവ ഡോക്ടർ കസ്റ്റംസ് പിടിയിൽ. സിംഗപ്പൂരിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ലിബിൻ ദാസിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശിനും (34) പങ്കുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയുടെ ബാഗിൽ നിന്നും 1.86 കോടി രൂപ വിലവരുന്ന അതീവ പ്രഹരശേഷിയുള്ള ഹൈഡ്രോപോണിക് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
രണ്ടുപേരും ചൈനയിലെ വുഹാൻ സർവകലാശാലയിൽ നിന്നും വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ ഡോക്ടർമാരാണെന്നാണ് വിവരം. കസ്റ്റംസ് പരിശോധന വെട്ടിക്കാനായി അതീവ തന്ത്രപരമായ നീക്കമാണ് പ്രതികൾ നടത്തിയത്. ബാങ്കോക്കിൽ നിന്നെത്തിയ ആനന്ദ് ജയപ്രകാശ് തന്റെ ബാഗേജ് കൈപ്പറ്റാൻ ലിബിനോട് ആവശ്യപ്പെടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ലിബിൻ ദാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






