24 March, 2026 04:36:23 PM
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തല- കെ സുധാകരൻ

കണ്ണൂര്‍: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കേരള രാഷ്ട്രീയത്തിലേയ്ക്ക് ഇനി താനില്ലെന്നും സുധാകരന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. പേരാവൂരില്‍ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് താന്‍ പോകുമെന്നും സുധാകരന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ പിന്തിരിപ്പിക്കാന്‍ മകന്‍ ഇടപെട്ടുവെന്ന വാദം ശുദ്ധ അസംബന്ധമാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ വിളിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താന്‍ എടുക്കില്ലെന്ന് ഖാര്‍ഗേയ്ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വ ചര്‍ച്ചകള്‍ക്കിടെ ചെന്നിത്തല വിളിച്ചിരുന്നു. കാര്യങ്ങള്‍ അറിഞ്ഞു പെരുമാറുന്നയാളാണ് ചെന്നിത്തല.
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി ഒ മോഹനനുമായി തനിക് ഒരു പ്രശ്‌നവുമില്ലെന്നും സുധാകരന്‍ പറഞ്ഞു. താന്‍ സ്ഥാനാര്‍ഥി ആകുന്നില്ലെങ്കില്‍ പകരം ടി ഒ മോഹനനെ ആക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആ വാക്ക് പാലിച്ചു എന്നാണ് താന്‍ പറഞ്ഞത്. പാര്‍ട്ടിക്കകത്ത് ഒരു പ്രശ്‌നവുമില്ല. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറ് സീറ്റിനടുത്ത് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഒരിക്കലും ബിജെപിയിലേയ്ക്ക് പോകില്ലെന്നും സുധാകരന്‍ പറഞ്ഞു.






