27 March, 2026 12:55:06 PM


മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്ന വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കണം-ഡല്‍ഹി ഹൈക്കോടതി



ന്യൂഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ഹര്‍ജിയില്‍ നടന്‍ മോഹന്‍ലാലിന് ആശ്വാസം.മോഹന്‍ലാലിന്റെ വ്യാജ ചിത്രങ്ങളും വീഡിയോകളുമടക്കം നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈകോടതി നിര്‍ദ്ദേശം നല്‍കി. മോഹന്‍ലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.  വ്യാജ ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങി വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

മോഹന്‍ലാലിന്റെ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളില്‍ വന്ന ലിങ്കുകള്‍ നീക്കാന്‍ മെറ്റക്കും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കും കോടതി നിര്‍ദേശം നല്‍കി.എന്തിനാണ് മോഹന്‍ലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചതെന്ന് ഇ കോമേഴ്‌സ് സ്ഥാപനത്തോടും ഹൈക്കോടതി ചോദ്യം ഉയര്‍ത്തി. വൈകിട്ട് നാലരയ്ക്കുള്ളില്‍ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ശേഷം ഡല്‍ഹി ഹൈകോടതി ഇടക്കാല ഉത്തരവിറക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മോഹൻലാലിന്റെ വോയ്‌സ് ക്ലോണിംഗ് നടത്തി ഓൺലൈൻ ലോട്ടറികളും ലേണിങ് ആപ്പുകളും ഉൾപ്പെടെ ദുരുപയോഗം ചെയ്യുകയാണെന്നാണ് നടനായി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാണിച്ചത്. ഇതുമൂലം സാധാരണക്കാർ ധാരാളമായി കബളിക്കപ്പെടുന്നുണ്ടെന്നും ഇവർ കോടതിയിൽ പറഞ്ഞു. ഇത് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഭാഗത്ത് നിന്നും കർശന നടപടിയുണ്ടാകണമെന്ന് മോഹൻലാൽ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.

നേരത്തെ അമിതാഭ് ബച്ചൻ അടക്കമുള്ള അഭിനേതാക്കൾ സമാനമായ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ എഐ ഉപയോഗിച്ചും അല്ലാതെയും ശബ്ദവും രൂപവും വാണിജ്യ ആവശ്യങ്ങൾക്ക് മുതൽ തട്ടിപ്പുകൾക്ക് വരെ ഉപയോഗിക്കുന്നു എന്നാണ് അഭിനേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919