28 March, 2026 01:22:29 PM
മുസ്ലീം വിദ്യാര്‍ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപം; ബെംഗളൂരുവില്‍ പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു: ബെംഗളൂരു പിഇഎസ് സര്‍വകലാശാലയില്‍ മുസ്ലീം വിദ്യാര്‍ഥിയെ അധ്യാപകന്‍ തീവ്രവാദി എന്ന് വിളിച്ചതില്‍ വിവാദം കടുക്കുന്നു. ക്ലാസ് എടുക്കുന്നതിനിടെയാണ് പ്രൊഫസര്‍ ഡോ. മുരളീധര്‍ ദേശ്പാണ്ഡേ, അഫാന്‍ എന്ന വിദ്യാര്‍ഥിയെ ആക്രോശിക്കുന്നതും തീവ്രവാദി എന്ന് വിളിക്കുന്നതും.
ക്ലാസില്‍ നിന്നും പുറത്തിറങ്ങാന്‍ അധ്യാപകനോട് അനുവാദം ചോദിക്കുമ്പോഴായിരുന്നു യുവാവിനെതിരായ പരാമര്‍ശം. വിദ്യാര്‍ഥികള്‍ എടുത്ത വീഡിയോയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയോട് ആക്രോശിക്കുന്നതും കാണാം. 'നാണമില്ലേ.... ഞാന്‍ ഇന്ന് കുറച്ചുകൂടി സമാധാനത്തില്‍ ഇരിക്കണമെന്നാണ് കരുതിയത്....,' പ്രൊഫസര്‍ പറയുന്നു.
നിങ്ങളെ പോലുള്ളവര്‍ കാരണമാണ് ഇറാന്‍ യുദ്ധം ഉണ്ടായത്. ട്രംപ് നിങ്ങളെയൊക്കെ ഇവിടുന്ന് കൊണ്ടുപോകും. നിങ്ങള്‍ വിഡ്ഢികളാണ്. തീവ്രവാദി, നരകത്തില്‍ പോകും,' എന്നിങ്ങനെയൊക്കെയായിരുന്നു അധിക്ഷേപം. തീവ്രവാദിയെന്ന പദം 13 തവണയോളം ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ എന്‍എസ്‌യുഐ ബെംഗളൂരു സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി വിഷയത്തില്‍ ഇടപെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.





