10 November, 2026 01:59:17 PM


ക്ലൈമറ്റ് കണക്ട് ദേശീയതലത്തിൽ മാതൃകയാവേണ്ട പദ്ധതി- ഫ്രാൻസിസ് ജോർജ് എം.പി.



കോട്ടയം: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ക്ലൈമറ്റ് കണക്ട് പദ്ധതി ദേശീയതലത്തിൽ മാതൃകയാക്കി നടപ്പാക്കേണ്ടതാണെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ഇക്കാര്യം പാർലമെന്റിലും താൻ അംഗമായ പാർലമെന്റിന്റെ ശാസ്ത്ര-സാങ്കേതിക സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം, യുനിസെഫ്, കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ക്ലൈമറ്റ് കണക്ട് സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ദുരന്തങ്ങളെ അതിജീവിക്കാനും പഠനതുടർച്ച ഉറപ്പാക്കാനും വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രാപ്തരാക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തെ 246 സ്‌കൂളുകളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതി വേറിട്ടതാണ്. മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു പദ്ധതിയില്ല. ദേശീയതലത്തിൽ വ്യാപിപ്പിക്കുന്നതിനായി ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെയും വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തും - അദ്ദേഹം പറഞ്ഞു

 തെള്ളകം കാസ മറിയ റിട്രീറ്റ് സെന്റിൽ നടന്ന ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. കെ. മോഹനകുമാർ അധ്യക്ഷതവഹിച്ചു. യുനിസെഫ് സ്റ്റേറ്റ് എജ്യുക്കേഷൻ കൺസൾട്ടന്റ് ഡോ. കെ. രാംനാഥ്, കോട്ടയം കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിലെ  ശാസ്ത്രജ്ഞൻ ഡോ. എസ്. ആർ. സിനാൻ നിസാർ, കേരള ദുരന്തനിവാരണ അതോറിട്ടിയിലെ ശാസ്ത്രജ്ഞൻ പ്രതീഷ് സി. മാമ്മൻ, എസ്.എസ്.കെ. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ പി.വി. രൂപേഷ്, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ നാസർ മുണ്ടക്കയം, രതീഷ് ബാബു, സ്‌കിൽ ഡവലപ്‌മെന്റ് കോഡിറ്റേർമാരായ എസ്. ഷഫീന, പരവൂർ സജീബ്, എന്നിവർ പ്രസംഗിച്ചു. മൂന്നു ദിവസത്തെ ശിൽപശാല വ്യാഴാഴ്ച (നവംബർ 12 ) സമാപിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299