10 November, 2026 07:58:30 PM
ജല അതോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കും- മന്ത്രി പി.കെ. ബഷീർ

കോട്ടയം: റോഡ് നിർമാണത്തിൽ ജല അതോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണാൻ നവംബർ 20ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. എം.സി. റോഡിൽ (ദേശീയപാത 183) നിർമാണം പൂർത്തിയായ കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് പ്രവൃത്തികൾക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കൽ വെല്ലുവിളിയാണ്. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം വേണം. സ്ഥലം ലഭ്യമാകാത്തതിനാൽ നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡുകൾ പൂർത്തിയാക്കാനാകാത്ത സാഹചര്യമുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ഇടപെടൽ വേണം.
ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ മുൻഗണനാക്രമം നിശ്ചയിച്ചായിരിക്കും പ്രവൃത്തികൾ ഏറ്റെടുക്കുക. ആറുതവണ ടെൻഡർ ചെയ്തിട്ടും കരാറുകാർ ഏറ്റെടുക്കാത്ത പ്രവൃത്തികൾ പോലുമുണ്ട്. ഇത്തരം തടസങ്ങൾ മറികടന്ന് നിർമാണപ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകാന്‍ നടപടികൾ സ്വീകരിക്കും.
പൊതുമരാമത്ത് വകുപ്പാണ് കേരളത്തിൽ ഇന്നു കാണുന്ന വിപ്ലവകരമായ മാറ്റങ്ങളൊക്കെ കൊണ്ടുവന്നത്. പൊതുമരാമത്ത് പ്രവൃത്തികളുടെ രൂപകൽപനയും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിൽ പരിചയസമ്പന്നരായ എൻജിനീയർമാരുടെ വൈദഗ്ധ്യം പരമാവധി പ്രയോജനപ്പെടുത്തണം. പുതിയ ജംഗ്ഷൻ വികസന പദ്ധതികൾ, ബൈപ്പാസുകൾ, പാലങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പദ്ധതികൾ വകുപ്പിന്റെ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് 350 പുതിയ പാലങ്ങൾ നിർമിക്കും. പൊതുമരാമത്ത് വകുപ്പിനു കീഴിലുളള റോഡിൽ ശേഷിക്കുന്ന 13000 കിലോമീറ്റർ കൂടി ബി.എം.ബി.സി നിലവാരത്തിലാക്കുമെന്നും മന്ത്രി പി.കെ. ബഷീർ പറഞ്ഞു.
കോടിമത പുതിയ പാലത്തിനു സമീപം നടന്ന ഉദ്ഘാടണ ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കഞ്ഞിക്കുഴി മേൽപ്പാലം യാഥാർഥ്യമാക്കണമെന്ന് അധ്യക്ഷപ്രസംഗത്തിൽ സ്പീക്കർ പൊതുമരാമത്ത് വകുപ്പുമന്ത്രിയോട് അഭ്യർഥിച്ചു.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, വൈസ് ചെയർപേഴ്സൺ ഷീബ പുന്നൻ, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർഗീസ്, കോട്ടയം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സനൽ കാണക്കാലിൽ, എസ്. ഗോപൻ, കെ.കെ. പ്രസാദ്, സാലി മാത്യു, ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ ലീന ജയചന്ദ്രൻ, രഞ്ജിമോൻ, ടി.എൻ. ഹരികുമാർ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എൻജിനീയർ ഐ. റംലാബീവി, എക്സിക്യൂട്ടീവ് എൻജിനീയർ സി.ജി. റാണി വിജയലക്ഷ്മി, കോട്ടയം തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
നാട്ടകം ഭാഗത്തുള്ള പാലത്തിന്റെ മറുകരയിൽ നിന്ന് നാടമുറിച്ച് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് വിശിഷ്ടാതിഥികള്‍ സമ്മേളനപ്പന്തലില്‍ എത്തിയത്.




