12 November, 2026 07:50:12 PM


ആർപ്പൂക്കരയിൽ തോട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി



കോട്ടയം : ആർപ്പൂക്കരയിൽ തോട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ആർപ്പൂക്കര പുളിക്കപ്പറമ്പിൽ സുബ്രഹ്മണ്യനെ(64)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആർപ്പൂക്കര തൊണ്ണംകുഴി ചെറിയതോടിന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. തോട്ടിൽ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെയും, ഗാന്ധിനഗർ പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നാളെ നവംബർ 13 വെള്ളിയാഴ്ച. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294