10 April, 2026 12:59:50 PM


ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി



ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ നാലുദിവസം മുൻപ് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യുടെ മൃ‍തദേഹം കണ്ടെത്തി . നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാരയിൽ നിന്ന് 2000 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്.

ചൊവ്വാഴ്‌ച വൈകിട്ട്‌ കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിൽ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധാൻ ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്.ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്.

പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്‌പെഷ്യൽ ഫോഴ്‌സാണ് തിരച്ചിൽ നടത്തിയത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകളും ഉപയോഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K