04 May, 2026 04:29:49 PM
മൂന്നിടങ്ങളിൽ അക്കൗണ്ട് തുറന്ന് ബിജെപി; ചാത്തന്നൂരിൽ ചരിത്ര വിജയം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയിച്ച് ബിജെപി. കേരളത്തിൽ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളിൽ ജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറിനും ചാത്തന്നൂരിൽ ബി ബി ഗോപകുമാറിനും പിന്നാലെ കഴക്കൂട്ടത്തും ബിജെപി ജയിച്ചു.
നേമം നിയോജക മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് ജയം. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വി ശിവന്‍കുട്ടിയായിരുന്നു പ്രധാന എതിരാളി. 39147 വോട്ടാണ് ശിവന്‍ കുട്ടിക്ക് ഇവിടെ നേടാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എസ് ശബരിനാഥന് 23099 വോട്ടും നേടാനായി.
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ബി ബി ഗോപകുമാർ വിജയിച്ചു. 4012 വോട്ടിനാണ് ഗോപകുമാർ സിപിഐ സ്ഥാനാർഥി ആർ രാജേന്ദ്രനെ തോല്‍പ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയ മണ്ഡലമാണ് ചാത്തന്നൂര്‍.
കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന് വിജയം. 265 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സ്ഥാനാര്‍ഥി വിജയിച്ചത്. മണ്ഡലത്തിലെ പ്രധാന മത്സരാർത്ഥിയായിരുന്നത് എൽഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രനാണ്. അവസാനഘട്ടം വരെയും മുന്നിൽ നിന്ന കടകംപള്ളിയെ പിന്നിലാക്കി മുരളീധരന്റെ ലീഡ് ഉയരുകയായിരുന്നു. കടകംപള്ളി 44164 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ശരത്ചന്ദ്ര പ്രസാദ് 34204 വോട്ടും നേടി.






