31 May, 2026 08:04:57 PM
തിരുവല്ലയിൽ മിനി ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; മിനി ലോറി ഡ്രൈവർ മരിച്ചു

തിരുവല്ല: എം.സി റോഡിൽ തിരുവല്ല കുറ്റൂരിൽ മിനി ലോറിയും പാൽ ടാങ്കറും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മിനി ലോറി ഡ്രൈവർ മരണപ്പെട്ടു. അപകടത്തിൽ ടാങ്കർ ലോറിയുടെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റൂർ ഇന്ത്യൻ ഓവർസീസ് ബാങ്കിന് (IOB) സമീപം ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ വൻ അപകടം സംഭവിച്ചത്.
തമിഴ്‌നാട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് കനത്ത ലോഡുമായി വാഴക്കുലകൾ കയറ്റിപ്പോയ മിനി ലോറിയും, മഹാരാഷ്ട്രയിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പാൽ എത്തിക്കാനായി വന്ന വലിയ ടാങ്കർ ലോറിയും തമ്മിലാണ് ശക്തമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു തരിപ്പണമായി. അപകടസ്ഥലത്തു വെച്ചുതന്നെ മിനി ലോറി ഡ്രൈവർ മരണപ്പെട്ടിരുന്നു.
ഇടിയുടെ ശക്തയിൽ ലോറിയുടെ ഉള്ളിൽ കുടുങ്ങിപ്പോയ മൃതദേഹം പുറത്തെടുക്കാൻ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് കഠിനപ്രയത്നമാണ് നടത്തിയത്. ഒടുവിൽ ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ, പുലർച്ചെ നാലരയോടെ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് ക്യാബിൻ പൂർണ്ണമായി വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.






