07 September, 2026 10:49:22 AM


രമ്യ ഹരിദാസ് ഇന്നലെ പാലക്കാട്; അന്വേഷണ സമിതിയെ അറിയിച്ചത് ഡൽഹിയിലെന്ന്



തിരുവനന്തപുരം: ചിറയിൻകീഴിലെ എംഎൽ.എയും കോൺഗ്രസ് പ്രവർത്തകരുമായുള്ള കയ്യാങ്കളിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കെ.പി.സി.സി സമിതിയെ രമ്യ ഹരിദാസ് എം.എൽ.എ തെറ്റിദ്ധരിപ്പിച്ചതായി സൂചന. ഡൽഹിയിലായതിനാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നാണ് അവർ അന്വേഷണ സമിതിയെ അറിയിച്ചിരുന്നത്. എന്നാൽ ഡൽഹിയിലാണെന്ന് വ്യക്തമാക്കിയിട്ടും ഇന്നലെ രാത്രി പാലക്കാട്ടെത്തിയ രമ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. 

തനിക്കെതിരെയും അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന സൂചനകളെ തുടർന്നാണ് പ്രശ്നപരിഹാരം തേടി അവർ ഈ കൂടിക്കാഴ്ച നടത്തിയത് എന്നാണ് വിവരം. പാലക്കാട് ഡി.സി.സി പ്രസിഡന്റിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കെ.സി വേണുഗോപാൽ രാത്രിയിൽ പാലക്കാട്ടെത്തിയത്. ഇതിനിടയിലാണ് രമ്യയുമായുള്ള കൂടിക്കാഴ്ച നടന്നത്. രമ്യയുമായി ഫോണിൽ സംസാരിച്ചെന്നും ഡൽഹിയിലായതിനാൽ തിരിച്ചെത്തിയ ശേഷം നേരിട്ട് വിവരങ്ങൾ കേൾക്കുമെന്നുമായിരുന്നു അന്വേഷണ സമിതി അധ്യക്ഷൻ എം.എം ഹസന്റെ വിശദീകരണം. 

രമ്യയുടെ പേഴ്സണൽ അസിസ്റ്റന്റായി ഒപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെ പാർട്ടി സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിൽ, തനിക്കെതിരായ നടപടികളെ പ്രതിരോധിക്കുകയാണ് രമ്യയുടെ ലക്ഷ്യമെന്ന് നേതാക്കൾ വിലയിരുത്തുന്നു. ഇതുവരെ എം.എം ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ഫോണിലൂടെയാണ് രമ്യ ഹരിദാസിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. സംഘർഷവുമായി ബന്ധപ്പെട്ട് രമ്യയുടെ ഭാഗം കൂടി നേരിട്ട് കേട്ടശേഷമാകും സമിതി അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939