06 September, 2026 10:01:54 AM
കൊല്ലത്ത് വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

കൊല്ലം വീട് ജപ്തി ചെയ്തതിനെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. കൊല്ലം എസ്എൻപുരം സ്വദേശിയായ രവിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രവിയുടെ മകൻ രാഗേഷ് 2022-ൽ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീട് ഈ വായ്പ മറ്റൊരു സ്വകാര്യ ബാങ്കിലേക്ക് മാറ്റി. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് വീട് ജപ്തി ചെയ്തതിനെ തുടർന്ന് രവി കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇതിനിടെയാണ് വീടിന് സമീപത്തെ കുളിമുറിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായ്പ തിരിച്ചടവ് മുടങ്ങിയതോടെ കുടിശികയും പലിശയും ഉൾപ്പെടെയുള്ള ബാധ്യത 29 ലക്ഷത്തോളം രൂപയായിരുന്നു. തുടർന്ന് കഴിഞ്ഞ ജൂൺ 22-ന് ബാങ്ക് വീട് ജപ്തി ചെയ്തു. ഇതോടെ രാഗേഷും അമ്മ ഗീതയും വാടകവീട്ടിലേക്ക് മാറിയെങ്കിലും രവി വീടുവിട്ട് പോകാൻ തയ്യാറായില്ല. ജപ്തി ചെയ്ത വീടിന്റെ സിറ്റൗട്ടിലാണ് രവി കഴിഞ്ഞിരുന്നത്.
വായ്പയ്ക്ക് 20 വർഷത്തെ തിരിച്ചടവ് കാലാവധിയുണ്ടായിരുന്നുവെന്നാണ് രാഗേഷ് പറയുന്നത്. ഇതിനിടെ അമ്മ ഗീതയുടെ കൈയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി വലിയ തുക ചെലവഴിക്കേണ്ടിവന്നു. ഇതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







