08 September, 2026 07:37:26 PM
വടകര എംഡിഎംഎ കേസ്: രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കോഴിക്കോട് വനിതാ ജയിലിൽ നിന്നാണ് കീർത്തന പുറത്തിറങ്ങിയത്. എംഡിഎംഎ വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായിരുന്ന കീർത്തന മറ്റ് അധ്യാപികമാരെയും ലഹരി ഇടപാടിന്റെ ഭാഗമാക്കിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണം ഏതാണ്ട് പൂർത്തിയായതും കീർത്തനയ്‌ക്കെതിരെ മുൻകാല ക്രിമിനൽ കേസുകളൊന്നുമില്ലെന്നതും പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീർത്തന ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകളിൽ ഇടപെടുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയിൽ വ്യക്തമാക്കുന്നു.






