22 September, 2026 08:38:43 PM


കൊട്ടിയൂരിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ പ്രചരിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്കെതിരെ പരാതി



കൊട്ടിയൂർ: അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ അനധികൃതമായി അതിക്രമിച്ചു കയറി ചിത്രങ്ങളെടുത്ത സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം കേളകം പോലീസിൽ പരാതി നൽകി. തിരുവനന്തപുരം സ്വദേശി മുരളി പ്ലാവിളയ്ക്ക് എതിരെയാണ് പരാതി.

വൈശാഖ ഉത്സവം നടക്കുമ്പോൾ മാത്രമാണ് അക്കരെ കൊട്ടിയൂരിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്. ഉത്സവം കഴിഞ്ഞാൽ ഇവിടേക്കുള്ള വഴി ഇരുമ്പ് ഗേറ്റ് ഉപയോഗിച്ച് അടയ്ക്കും. എന്നാൽ ഇതു മറികടന്ന് അക്കരെ ക്ഷേത്ര പരിസരത്ത് എത്തിയ മുരളി ഫോണിൽ ചിത്രങ്ങൾ എടുക്കുകയും അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. അതിക്രമിച്ച് കയറി ആചാര ലംഘനം നടത്തി എന്നാണ് പരാതി.

അതേസമയം, അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് മുരളി പ്ലാവിള ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. അവിടെ പോകരുതെന്ന് അറിയില്ലായിരുന്നുവെന്നും അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റിന് വിശ്വാസികളോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922