09 November, 2026 06:36:41 PM


സ്രോതസ്സ് കുടിവെള്ള പദ്ധതി; കടപ്ലാമറ്റത്ത് 18 ലക്ഷം രൂപയുടെ വാട്ടര്‍ടാങ്കിന്റെ നിര്‍മ്മാണം ആരംഭിച്ചു



പാലാ: കടപ്ലാമറ്റം പഞ്ചായത്ത് ആറാം വാര്‍ഡിലെ പാളയം സ്രോതസ്സ് കുടിവെള്ള പദ്ധതിയുടെ ജലവിതരണ സംവിധാനത്തിലെ പരാതികള്‍ പരിഹരിക്കപ്പെടുന്നു. നൂറോളം കുടുംബങ്ങളില്‍ കുടിവെള്ളം എത്തുന്ന ഈ പദ്ധതിയ്ക്കായി നിലവിലുണ്ടായിരുന്നത് പതിനായിരം ലിറ്ററില്‍ താഴെയുള്ള ജലസംഭരണ ടാങ്ക് ആയിരുന്നു. വാട്ടര്‍ടാങ്കിന്റെ ഉയരക്കുറവുകൊണ്ടും സംഭരണശേഷിയുടെ കുറവുകൊണ്ടും എല്ലാ വീടുകളിലും സുഗമമായി വെള്ളം എത്തുന്നത് അസാധ്യമായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 18  ലക്ഷം രൂപ ഉപയോഗിച്ച് കുടിവെള്ള പദ്ധതിയ്ക്കായി 45000 ലിറ്റര്‍ കപ്പാസിറ്റിയുള്ള പുതിയ വാട്ടര്‍ടാങ്ക് നിര്‍മ്മിക്കുന്നതാണ്. 

മുപ്പത്തിയ്യായിരം ലിറ്റര്‍ കപ്പാസിറ്റിയുള്ള 35 അടി ഉയരമുള്ള വാട്ടര്‍ടാങ്കും അതിനുമുകളിലായി പതിനായിരം ലിറ്ററിന്റെ ഫൈബര്‍ ടാങ്കുമാണ് ഈ പദ്ധതിയുടെ ഭാഗമായിട്ട് ഇപ്പോള്‍ പുതുതായിട്ട് സ്ഥാപിക്കുന്നത്. സി.സി. മൈക്കിള്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് പദ്ധതിയ്ക്കായുള്ള പുതിയ വാട്ടര്‍ടാങ്കിന്റെ നിര്‍മ്മാണം നടത്തുന്നത്. പന്ത്രണ്ടുവര്‍ഷക്കാലം മുമ്പ് നടപ്പിലാക്കിയ ഈ പദ്ധതിയില്‍ വേനല്‍ക്കാലങ്ങളിലും മറ്റവസരങ്ങളിലും കുടിവെള്ളം ലഭ്യമാകാതിരുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതി കൊണ്ട് പ്രയോജനം ഉണ്ടാകുന്നത്. വാട്ടര്‍ടാങ്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബോണി കുര്യാക്കോസ് മുഖ്യപ്രഭാഷണവും ഗ്രാമപഞ്ചായത്ത് മെമ്പര്‍ നീതു ഗോപി ആമുഖപ്രസംഗവും നടത്തി. യോഗത്തില്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സി. മൈക്കിള്‍ ചെമ്പകമറ്റം, ജോസ് കൊടിയംപുരയിടം, ജോസഫ് നിരവത്ത്, ബിനു രണ്ടാനിക്കല്‍, സജി എബ്രാഹം, ഔസേപ്പച്ചന്‍ മാന്നാത്ത് എന്നിവര്‍ പ്രസംഗിച്ചു. 
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടപ്ലാമറ്റം പഞ്ചായത്തിലെ സ്രോതസ്സ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957