02 October, 2026 11:46:31 PM


രണ്ട് റോഡുകൾക്ക് ഗാന്ധിനാമം; ശക്തിനഗർ അസോസിയേഷന്റെ വേറിട്ട ആദരം


ഏറ്റുമാനൂർ: ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ. ശക്തിനഗർ പ്രദേശത്തെ രണ്ട് റോഡുകൾക്ക് മഹാത്മാഗാന്ധിയുടെ പേര് നൽകി അസോസിയേഷൻ മാതൃകാപരമായ ആദരമർപ്പിച്ചു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന നാമകരണച്ചടങ്ങിൽ രണ്ട് റോഡുകൾക്ക് 'മഹാത്മാഗാന്ധി ലെയ്ൻ', 'ബാപ്പുജി ലെയ്ൻ' എന്നീ പേരുകൾ നൽകി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സനിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. സമാധാനം, അഹിംസ, ശുചിത്വം, സഹജീവിസ്നേഹം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ ഗാന്ധിയൻ ആശയങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സനിൽ ജോസഫ് ചൂണ്ടികാട്ടി.

മഹാത്മാഗാന്ധിയുടെ ആശയങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനും ഗാന്ധിയൻ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡുകൾ പുനർനാമകരണം ചെയ്തതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അസോസിയേഷൻ പ്രസിഡൻ്റ് ബി.സുനിൽകുമാർ പറഞ്ഞു.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 5-ാം വാർഡിലെ പുഞ്ചായിൽ ഭാഗത്തെ വില്ലയിലേക്കുള്ള റോഡാണ് ഇനി 'മഹാത്മാഗാന്ധി ലെയ്ൻ' എന്നറിയപ്പെടുക. ഈ റോഡ് പഞ്ചായത്ത് ഏറ്റടുത്ത് വികസന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും സനിൽ ജോസഫ് വിശദീകരിച്ചു.  ഏറ്റുമാനൂർ നഗരസഭ 35 -ാം വാർഡിലെ പുളിക്കംതൊട്ടിയിൽ - തലച്ചേൽ റോഡാണ് 'ബാപ്പുജി ലെയ്ൻ' എന്ന് പുനർനാമകരണം ചെയ്തത്.

ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജി. വിനോദ് കുമാർ, വൈസ് പ്രസിഡൻ്റ് ഇ.പി. സലിം, ട്രഷറർ ഹരികുമാർ ജി, ജോയിൻ്റ് സെക്രട്ടറിമാരായ എം. എസ്. അപ്പുകുട്ടൻ നായർ, ടി.ജി. രാമചന്ദ്രൻ നായർ, ഭാരവാഹികളായ കെ.പി. രവികുമാർ, രാഹുൽ നടുവീട്, ഹരിഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292