30 October, 2026 08:00:55 PM
സൈബർ സുരക്ഷാ ജനകീയ മുന്നേറ്റം CLICK-ന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 31 ന്

കോട്ടയം: സൈബർ സുരക്ഷിത കേരളം എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആരംഭിക്കുന്ന ജനകീയ മുന്നേറ്റമായ CLICK (Community Led Initiative for Cyber Resilient Keralam) പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം (ഒക്ടോബർ 31) രാവിലെ 10.30ന് ഏറ്റുമാനൂരിലെ മംഗളം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും. 2027-ഓടെ സൈബർ ആക്രമണങ്ങളെ അതിജീവിക്കാൻ പ്രാപ്തമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. സൈബർ സേഫ് കേരള സംരംഭത്തിന്റെ ഭാഗമായാണ് CLICK പ്രവർത്തിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി കെ. എം. സാബു മാത്യു ഐ.പി.എസ്. ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഏറ്റുമാനൂർ എം.എൽ.എ ശ്രീ നാട്ടകം സുരേഷ് ഉദ്ഘാടനം നിർവഹിക്കും. കോട്ടയം അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സജീവ് കെ. സ്വാഗതം ആശംസിക്കും. മംഗളം കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ബിജു വർഗീസ്, ഐ.ഐ.ഐ.ടി. കോട്ടയം ഡയറക്ടർ ശ്രീ. പ്രമോദ് കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിക്കും.
ജില്ലയിലെ വിവിധ എൻജിനീയറിങ് കോളേജുകളിലെ പ്രിൻസിപ്പൽമാർ ചടങ്ങിൽ പങ്കെടുക്കും. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും സൈബർ ഭീഷണികളെ നേരിടാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കോട്ടയം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. വി.എസ്. ബിജു കൃതജ്ഞത അർപ്പിക്കും.




