30 October, 2026 08:06:15 PM
കോട്ടയം ജില്ലയിൽ രാത്രി മുഴുവൻ പോലീസ് കോമ്പിങ് പരിശോധന; വിവിധ നിയമലംഘനങ്ങൾക്ക് 263 കേസുകൾ

കോട്ടയം: എഡിജിപി (ലോ ആൻഡ് ഓർഡർ) പി. വിജയൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനവ്യാപകമായി നടത്തിയ കോമ്പിങ് പരിശോധനയുടെ ഭാഗമായി കോട്ടയം ജില്ലയിലും വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി ശ്രീ കെ. എം. സാബു മാത്യു ഐപിഎസിന്റെ നിർദ്ദേശത്തിലും നേതൃത്വത്തിലും ഒക്ടോബർ 29 രാത്രി മുതൽ ഒക്ടോബർ 30 രാവിലെ എട്ടുമണി വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന.
വിവിധ വിഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 143 കേസുകളും കേരള അബ്കാരി നിയമപ്രകാരം 43 കേസുകളും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിപണനം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് 47 കേസുകളും മയക്കുമരുന്നുകളുടെ ഉപയോഗം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് എൻഡിപിഎസ് നിയമപ്രകാരം 27 കേസുകളും രജിസ്റ്റർ ചെയ്തു.
ഇന്ന് രാവിലെ സ്കൂൾ വാഹനങ്ങൾക്കായി പ്രത്യേക പരിശോധനയും നടത്തി. ആകെ 463 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ മദ്യപിച്ച് വാഹനമോടിച്ച മൂന്ന് പേർക്കെതിരെ കേസെടുത്തു. ജില്ലയിൽ നിയമലംഘനങ്ങൾ തടയുന്നതിനും ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി പരിശോധനകൾ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.




