03 October, 2026 06:14:41 PM


വിദ്യാര്‍ഥികള്‍ സാങ്കേതിക വിദ്യയുടെ യജമാനന്മാരായി മാറണം- ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ



കോട്ടയം: സാങ്കേതികവിദ്യയുടെ ദാസരാകാതെ അതിന്‍റെ യജമാനനായി മാറാനാണ് വിദ്യാർഥികൾ ശ്രമിക്കേണ്ടതെന്ന് സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കോട്ടയം വലവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി(ട്രിപ്പിൾ ഐടി)യില്‍ എട്ടാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയെ നമ്മളാണ് ഉപയോഗിക്കേണ്ടതെന്നും അവ നമ്മളെ ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.  
 
ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഉൾപ്പെടെ സാങ്കേതിക വിദ്യ നൂതന രൂപങ്ങളില്‍ എത്തുന്നത് അടുത്ത തലമുറയെ എങ്ങനെ ബാധിക്കും എന്നതില്‍ ആശങ്കകളുയരുന്നുണ്ട്. സാങ്കേതികവിദ്യയെ കീഴടക്കിക്കൊണ്ടാണ് വിദ്യാർഥികൾ ഇത്തരം ആശങ്കകള്‍ക്ക് ഉത്തരം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ട്രിപ്പിൾ ഐടിയിൽ സൗകര്യങ്ങൾ ഏറെ വർധിച്ചു. വിദ്യാർഥികളുടെ എണ്ണം 33ൽ നിന്ന് നിന്ന് 450ലേറെയായി. ഇതനുസരിച്ച് മികവും ഉയരുന്നുണ്ടെന്ന് ഉറപ്പാക്കണം.

കമ്പനികളുടെയും വ്യവസായശാലകളുടെയും  സാമൂഹ്യപ്രതിബദ്ധതാ ഫണ്ടുപോലെ (സി.എസ്.ആർ) യുവതലമുറയ്ക്കായി  യുവ സോഷ്യൽ റെസ്‌പോൺസിബിലിറ്റി (വൈ.എസ്.ആർ.) എന്ന ആശയം താൻ മുന്നോട്ടുവയ്ക്കുകയാണ്. വിദ്യാഭ്യാസവും ഗുണനിലവാരമുള്ള അറിവും നൽകുന്ന സമൂഹത്തിന് എന്തെങ്കിലും  തിരികെ നൽകേണ്ടത് യുവതയുടെ കടമയാണ്. വികസിത ഭാരതസങ്കൽപം യാഥാർഥ്യമാകുന്നത് യുവാക്കളിലൂടെയാണെന്നും ഗവർണർ പറഞ്ഞു.

ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി ദേശ്മാനെ, ഐ.ഐ.ഐ.ടി ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ, രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻ, പ്രഫ. അശോക്, ഡീൻമാരായ ഡോ. എബി ബെനിനിരാജ്, ഡോ. ദിവ്യ സിന്ധു രേഖ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294