19 November, 2026 08:51:27 PM


സംഘിത്താവളങ്ങളിൽ പോയവർക്ക് തിരികെ കയറാനുള്ള ഇടമല്ല കോൺഗ്രസ്- ജിന്റോ ജോണ്‍


കൊച്ചി: ബിജെപി വിട്ട പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ബിജെപി വിടുന്ന ഭാഗ്യാന്വേഷികളെ കാത്ത് വാതില്‍ തുറന്നിട്ടിരിക്കേണ്ട ഗതികേടില്‍ കോണ്‍ഗ്രസ് എത്തിയിട്ടില്ലെന്ന് ജിന്റോ പറഞ്ഞു.രണ്ടര വര്‍ഷത്തിനുള്ളില്‍ കുറേയധികം മഴയും വെയിലും മഞ്ഞും കൊണ്ട് സാധാരണ പ്രവര്‍ത്തകര്‍ തെരുവില്‍ പോരാടിയതിന്റെ ഫലമായി ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ പത്മജക്ക് വീണ്ടും ബിജെപിയില്‍ 'അവഗണന' തോന്നുന്നത് സ്വാഭാവികമാണെന്നും ജിന്റോ പരിഹസിച്ചു.

ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്

പത്മജ വേണുഗോപാല്‍ രണ്ടര വര്‍ഷം മുന്‍പ് 'വലത്തോട്ട്' നോക്കിയപ്പോള്‍ കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് കസേര ഇല്ലായിരുന്നുവത്രേ! 'ഒരുപാട് അപമാനവും അവഗണനയും വേദനയും സഹിച്ചാണ്' അവര്‍ പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസില്‍ നിന്നതത്രേ അങ്ങനെ 'അവഗണന സഹിച്ച്' മടുത്തപ്പോള്‍ അവരെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് മോദിജി ആണത്രേ!

രണ്ടര വര്‍ഷത്തിനുള്ളില്‍ കുറേയധികം മഴയും വെയിലും മഞ്ഞും കൊണ്ട് സാധാരണ പ്രവര്‍ത്തകര്‍ തെരുവില്‍ പോരാടിയതിന്റെ ഫലമായി ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ പത്മജക്ക് വീണ്ടും ബിജെപിയില്‍ 'അവഗണന' തോന്നുന്നത് സ്വാഭാവികമാണ്. പത്മജ കോണ്‍ഗ്രസ് വിട്ടുപോയതിനിപ്പുറം അവര്‍ മത്സരിച്ചു പരാജയപ്പെട്ട തൃശ്ശൂര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. അന്നവര്‍ പോയപ്പോള്‍ സ്വന്തമായൊരു കസേര കൊണ്ടുപോകേണ്ടി വന്നു എന്നാണ് ഇന്നത്തെ കേള്‍വി. അതുകൊണ്ട് ബിജെപിയിലും അവര്‍ക്ക് കടുത്ത അവഗണനയായിരുന്നു. കൂടെയാളില്ലാത്തവരോട് അവഗണന കാണിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സല്ലല്ലോ ബിജെപി. പത്മജക്ക് ഒരൊറ്റ പ്രവര്‍ത്തകരേയോ അനുഭാവിയേയോ കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കിലും അന്നവര്‍ കൊണ്ടുപോയത് കെ കരുണാകരന്‍ എന്ന എക്കാലത്തേയും ലീഡറുടെ പൊളിറ്റിക്കല്‍ ലെഗസി ആയിരുന്നു. അച്ഛന്റെ മരണശേഷം അത്രയും അപമാനം ആ മനുഷ്യന് നല്‍കാന്‍ മാത്രം ഈ മകള്‍ക്ക് കഴിഞ്ഞു!

കെടിഡിസി ചെയര്‍പേഴ്‌സണായും ലോകസഭ നിയമസഭ തിരഞ്ഞെടുപ്പുകളിലെ നിരവധിവട്ട സ്ഥാനാര്‍ത്ഥിത്വവും കെപിസിസിയുടെ 'ഉത്തരവാദിത്തപ്പെട്ട' ഉന്നതസ്ഥാനങ്ങളുമെല്ലാം നല്‍കിയെങ്കിലും 'കടുത്ത അവഗണന' എന്ന് പറഞ്ഞ് പുറത്തുപോയി സോണിയ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ഹൈക്കമാന്‍ഡിനേയും പാര്‍ട്ടിയെ മൊത്തത്തിലും ആവോളം ആക്ഷേപിച്ചത് മറക്കാറായിട്ടില്ല. മാത്രമല്ല, കടുത്ത ഇസ്ലാമോഫോബിയ പറഞ്ഞും പരമ്പരാഗത സംഘികളോട് പോലും കിടപിടിക്കുന്ന വെറുപ്പിന്റെ - വിദ്വേഷത്തിന്റെ രാഷ്ട്രീയം വിളമ്പിയും നിറഞ്ഞാടിയ രണ്ടര കൊല്ലത്തിന്റെ മുറിവുകള്‍ ഉണങ്ങാറായിട്ടില്ല.

അവര്‍ തിരിച്ചു വന്നിട്ട് ഇവിടെ എന്ത് ചെയ്യാനാണ് എന്നുള്ള ചോദ്യത്തിന് ഉത്തരവുമില്ല. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം തെരുവില്‍ കോണ്‍ഗ്രസിനോടൊപ്പം അവരുണ്ടായിരുന്നോ? അവരെത്ര ഉണ്ടായിരുന്നു? അവരെത്ര സമരക്കേസുകളില്‍ പ്രതിയായിട്ടുണ്ട്? എത്ര വെയില്‍ കൊണ്ടിട്ടുണ്ട്, പ്രയാസപ്പെട്ടിട്ടുണ്ട്? ഒന്നുമില്ല. പത്ത് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വലിയ ഭൂരിപക്ഷത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സിനെ തേടിയെത്തുന്നത് അധികാരവീത കൊതി മാത്രമാണ്.

അധികാര അലങ്കാരമില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാനാകാത്തവരെ തിരിച്ചുകൊണ്ടുവന്ന് സ്ഥാനമാനങ്ങള്‍ നല്‍കി അവരെ ഇനിയും 'അവഗണന' നല്‍കി വിഷമിപ്പിക്കല്ലേ എന്ന അഭ്യര്‍ത്ഥനയുണ്ട് നേതൃത്വത്തോട്.ഒടുങ്ങാത്ത അധികാരാഗ്രഹങ്ങള്‍ മാത്രമുള്ളവരെ തൃപ്തിപ്പെടുത്തി 'പരിഗണനകള്‍' കൊടുക്കാന്‍ മാത്രം സ്ഥാനങ്ങള്‍ ഈ പാര്‍ട്ടിയില്‍ ഇല്ലെന്നും തിരിച്ചറിയണം. മഴ മാറുമ്പോള്‍ കുടമടക്കി വച്ച് ഇറങ്ങിപ്പോയ പോലെ, വെയില് മാറിയപ്പോള്‍ ചോലയില്‍ നിന്ന് ഇറങ്ങി നടന്നപോലെ പരമാവധി അവസരങ്ങള്‍ ആസ്വദിച്ച ശേഷം ആക്ഷേപിച്ചു ഇറങ്ങി നടന്നവര്‍ക്ക് പരവതാനിയിട്ട് സ്വീകരിക്കും മുന്‍പ് ഒരു പൊതുനിലപാട് ഉണ്ടാകണം. കാരണം അവര്‍ക്ക് ഈ പാര്‍ട്ടി വെറുമൊരു കുടയും തണലും മാത്രമായിരുന്നു. ഞങ്ങള്‍ക്ക് ആത്മാഭിമാന ബോധത്തിന്റെ പ്രതീകവും പ്രത്യയശാസ്ത്ര ബോധ്യവും. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും സംഘികളുടെ ട്രെയിനിംഗില്‍ പങ്കെടുക്കാന്‍ ഒരാളേയും പറഞ്ഞുവിട്ടിട്ടില്ല. ആശ്രിത ആനുകൂല്യത്തില്‍ മാത്രം കിട്ടിയതൊന്നും പോരാഞ്ഞ് അധ്വാനമില്ലാതെ കിട്ടിയതിന്റെ ആ അധിക ദഹനക്കേടില്‍ പാര്‍ട്ടി വിട്ട് സംഘിത്താവളങ്ങളില്‍ പോയി തിരിച്ചുവരുന്ന അപഥസഞ്ചാരകര്‍ക്കുള്ള അവസാന ഇടമല്ല കോണ്‍ഗ്രസ്.

ആമാശയ പൂരണത്തിനായി കടുത്ത വര്‍ഗീയതയും വിദ്വേഷവും വെറുപ്പും പറയുന്നവരുടെ വഴിയമ്പലമായി കോണ്‍ഗ്രസ്സിനെ മാറ്റരുത്. കരുണാകരന്റെ സ്മൃതി കൂടിരത്തില്‍ സംഘികളുടെ നഗരികാണിക്കല്‍ നടത്തിയതിന്റെ പാപക്കറ കഴുകി വെടിപ്പാക്കട്ടെ ആദ്യം. സംഘിക്കൂടാരത്തില്‍ നിന്ന് അവധി വാങ്ങും മുന്‍പ് അഡ്മിഷന്‍ എടുക്കാനുള്ള ഭാഗ്യാനേഷികളുടെ ആശ്രയകേന്ദ്രമല്ല കോണ്‍ഗ്രസ്സെന്ന് നിലപാട് പറയണം. പാവപ്പെട്ട പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ ഉപ്പുംകൂട്ടി പരമാവധി ഉണ്ടുവളര്‍ന്നവര്‍ തോന്നിയപോലെ ഇറങ്ങിനടന്ന് തിരികെയെത്തുമ്പോള്‍ ബന്ധുതര്‍ക്കം തീര്‍ത്തു കൊടുക്കാന്‍ ഇത് കുടുംബസ്വത്ത് വീതംവയ്ക്കലല്ല എന്ന് ഓര്‍മ്മിപ്പിക്കണം. ഈ പാര്‍ട്ടിക്ക് വേണ്ടി തെരുവില്‍ പോരാടി ജയിച്ച മനുഷ്യരുടെ ആത്മാഭിമാനത്തിന്റേയും രാഷ്ട്രീയാന്തസ്സിന്റേയും ഓഹരി കൊടുക്കും മുമ്പ് ഞങ്ങള്‍ക്കും കൂടി ബോധ്യപ്പെടണം. പറ്റിത്തീനികള്‍ ബാക്കിവച്ച കോണ്‍ഗ്രസ്സിനെ കൊണ്ട് കുറേ മനുഷ്യര്‍ രാപകലുകള്‍ പോരാടി നേടിയ വിജയത്തിന്റെ പങ്കുപറ്റാന്‍ വരുന്നവരുടെ മുന്‍ചെയ്തികളെ മറക്കാനുള്ള സമയമെങ്കിലും തരൂ. ഉന്നത നേതാക്കളുടെ ഒറ്റവിളിയില്‍ മറക്കേണ്ടതല്ല ഞങ്ങളെപ്പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ക്കേറ്റ മുറിവിന്റെയാഴം.

ഏതെങ്കിലും പഞ്ചായത്തിലെ പ്രാദേശിക അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പാര്‍ട്ടിയുമായി അകന്ന പ്രവര്‍ത്തകര്‍ക്ക് പോലും തിരികെ വരാന്‍ ഒരുപാട് കടമ്പകള്‍ കടക്കണമെന്നിരിക്കെ സകല അധികാര സൗകര്യങ്ങളും കിട്ടിയതിന്റെ എല്ലിനിടയില്‍കുത്ത് കൊണ്ട് പാര്‍ട്ടിയെ, പണിയെടുക്കുന്ന പ്രവര്‍ത്തകരെ ആക്ഷേപിച്ച് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയപ്പോയവര്‍ക്കുള്ള എളുപ്പയിടമല്ല കെപിസിസി ഓഫീസെന്ന് ബോധ്യപ്പെടുത്തണം. തത്ക്കാല ഭാഗ്യാനേഷികളായി ബിജെപി വിടുന്നവര്‍ ഒരല്പ്‌സമയം പുറത്തു നില്‍ക്കട്ടെ, പൊളിറ്റിക്കല്‍ ക്ലാരിറ്റി വരുത്തട്ടെ. ചിലര്‍ക്കൊക്കെ ഒരു ഹിതപരിശോധന വേണ്ടതല്ലേ? അവസര വാദത്തിന്റെ നാണംകെട്ട മാതൃകകള്‍ക്ക് ഒരു പരിധിയൊക്കെയില്ലേയെന്ന് മനുഷ്യര്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക്, പ്രവര്‍ത്തകര്‍ക്ക് ഉത്തരവും വേണ്ടേ?

ബിജെപിയോട് ഇ-മെയിലെങ്കിലും അയച്ച് രാജി പറയാനുള്ള മര്യാദ കാണിച്ച അവരന്ന് കോണ്‍ഗ്രസ്സിനെ തെരുവില്‍ നിര്‍ത്തിയത് എത്രമാത്രം അവജ്ഞയോടെയാണെന്ന് ഓര്‍മ്മപ്പെടുത്തണം. ആര് വന്നാലും നമുക്ക് സ്വീകരിക്കാം. പക്ഷേ അതിനെല്ലാം പ്രവര്‍ത്തകര്‍ക്കും സാമാന്യജനത്തിനും മനസ്സിലാകുന്ന ഒരു രാഷ്ട്രീയ സാഹചര്യം കൂടി വേണ്ടതല്ലേ. ഇനിയുള്ള കാലമെങ്കിലും വിശ്വസിക്കാന്‍ പറ്റുന്നത്ര പശ്ചാതാപമുള്ള ധൂര്‍ത്തപുത്രരെന്ന് ബോധ്യപ്പെടുത്തട്ടെ. അവരൊന്നല്പ്പം കാത്ത് നില്‍ക്കട്ടെ. ക്ലാരിറ്റി വരുത്തട്ടെ. ഇനിയും ഇട്ടെറിഞ്ഞ് പോകില്ലെന്ന് ഉറപ്പാക്കട്ടെ.

കോണ്‍ഗ്രസിനെ അടുത്ത പരിചയമില്ലാത്തവര്‍ സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും ഇങ്ങോട്ട് വരുന്നതുപോലെയല്ല പതിറ്റാണ്ടുകളോളം സര്‍വ്വസൗകര്യങ്ങളും പറ്റി ഇവിടെ നിന്നവര്‍ കൂടുതല്‍ 'മെച്ചങ്ങള്‍ക്കായി' ഇടയ്ക്ക് ഇട്ടെറിഞ്ഞ് പോയി അലഞ്ഞുതിരിഞ്ഞ് തിരിച്ചുവരുന്നത്. ആ പശ്ചാത്താപ വിവശത പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ബിജെപി വിടുന്ന ഭാഗ്യാന്വേഷികളെ കാത്ത് വാതില്‍ തുറന്നിട്ടിരിക്കേണ്ട ഗതികേടില്‍ കോണ്‍ഗ്രസ് എത്തിയിട്ടില്ല. ഇതുവരേയും കോണ്‍ഗ്രസ്സിലേക്കെന്ന് പറയാത്തവരെ ക്ഷണിക്കുന്ന ആവേശക്കമ്മിട്ടിക്കാര്‍ അതുകൊണ്ട് പൊടിക്കൊന്നടങ്ങണം. അവരെ ഒന്ന് പുറത്ത് നില്‍ക്കാനെങ്കിലും അനുവദിക്കൂ സ്വാഗത കമ്മറ്റിക്കാരേ… കോണ്‍ഗ്രസ്സില്‍ കിട്ടാത്ത 'സ്വാതന്ത്ര്യം' ആവോളം അനുഭവിച്ച ശേഷം പോരേ ഈ സ്വാഗതവിളമ്പരങ്ങള്‍?



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 104