15 July, 2019 02:36:01 PM


അഖിലിനെ കുത്തിയത് താനെന്ന് ശിവരഞ്ജിത്തിന്‍റെ കുറ്റസമ്മതം; റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍




തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിനിടെ അഖിലിനെ കുത്തിയെന്ന് പ്രതികൾ സമ്മതിച്ചു. കത്തിയെടുത്ത് കുത്തിയത് താനാണെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തും പൊലീസിനോട് സമ്മതിച്ചു. ഒരു സംഘം ആളുകൾ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നു എന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. എന്നാൽ വെറുമൊരു സംഘര്‍ഷമാണോ അതോ കരുതിക്കൂട്ടിയുള്ള ആക്രമണമാണോ യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.


കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലും മുഖ്യപ്രതി ശിവര‍ഞ്ജിത്തും അയൽക്കാരാണ്. പൊലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമനായി ശിവരഞ്ജിത്ത് ഉൾപ്പെട്ടതിന് പിന്നിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം അഖിൽ ഉന്നയിച്ചിരുന്നതായും വിവരമുണ്ട്. പൊലീസ് പട്ടികയിൽ ശിവരഞ്ജിത്ത് ഇടം നേടുന്നത് ആര്‍ച്ചറിയിലെ ചാമ്പ്യൻ എന്ന നിലയിലാണ്. എന്നാൽ പങ്കെടുത്ത മത്സരങ്ങളുടെ കാര്യത്തിൽ സംശയമുണ്ടെന്ന് അഖിൽ ആരോപണം ഉന്നയിച്ചിരുന്നു എന്നാണ് സൂചന. അതുകൊണ്ടുതന്നെ അയൽക്കാരൻ കൂടിയായ അഖിലിനോട് ശിവരഞ്ജിത്തിന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ഇത് കൊലപാതക ശ്രമത്തിന് കാരണമായോ എന്ന് അറിയാൻ കൂടുതൽ ചോദ്യംചെയ്യൽ ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. 


അതേസമയം പരീക്ഷാ ക്രമക്കേടിൽ ഗുരുതര ആരോപണവും പ്രതികൾ നേരിടുന്നുണ്ട്. ശിവരഞ്ജിത്തിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് സര്‍വ്വകലാശാല പരീക്ഷാ പേപ്പറുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയത് ഏറെ ഗൗരവത്തോടെയാണ് സര്‍വ്വകലാശാലയും അന്വേഷണ സംഘവും കാണുന്നത്. പരീക്ഷാ പേപ്പര്‍ കണ്ടെത്തിയ സംഭവത്തിൽ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് വൈസ് ചാൻസിലര്‍ സമ്മതിച്ചു. ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സര്‍ട്ടിഫിക്കറ്റാണ് ശിവരഞ്ജിത്ത് പിഎസ്‌സിക്ക് മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്. ശിവരഞ്ജിത്ത് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് പിഎസ്‌സിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയാല്‍ കേസെടുക്കും. വധശ്രമക്കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനു ഒന്നാം റാങ്കും രണ്ടാം പ്രതി നസീമിനു 28-ാം റാങ്കുമാണ്.


പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍. കെഎപി നാല് ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്‌മെന്റ് ചോദ്യം ചെയ്ത് കോഴിക്കോട്ടുനിന്നുള്ള പത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് ട്രൈബ്യൂണലിന്‍റെ ഉത്തരവുണ്ടായത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തങ്ങളുടേതായിരിക്കുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. നാലാം ബറ്റാലിയനിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ശാരീരിക ക്ഷമതാ യോഗ്യത പരീക്ഷയിലുള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ജൂലായ് അഞ്ചിലെ കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ലിസ്റ്റില്‍ നിന്നും നിയമനം നടത്തരുതെന്നും കോടതി ഉത്തരവിലുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K