29 October, 2019 10:57:27 AM


ബാഗ്ദാദിയെ തുരങ്കത്തില്‍ നിന്നും കണ്ടെത്തിയത് ഇവന്‍ ; നായയുടെ ചിത്രം അമേരിക്ക പുറത്തുവിട്ടു




വാഷിംഗ്ടണ്‍: സിറിയയിലെ അണ്ടര്‍ഗ്രൗണ്ടിലെ തുരങ്കത്തില്‍ ഒളിച്ചിരുന്ന ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദഗ്രൂപ്പിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയെ കണ്ടെത്തിയ നായയുടെ ചിത്രം പുറത്തുവിട്ട് അമേരിക്ക. ബെല്‍ജിയന്‍ മലിനോയ്‌സ് വിഭാഗത്തില്‍ പെട്ട വേട്ടനായയുടെ ചിത്രം തിങ്കളാഴ്ച പുറത്തുവിട്ടത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. സിറിയയിലെ അമേരിക്കന്‍ സൈനിക നീക്കത്തില്‍ പങ്കെടുത്ത നായയ്ക്ക് ബാഗ്ദാദി കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു.


''ഐഎസ് തലവനെ കൊല്ലാന്‍ പിടിച്ച മഹത്തായ ജോലി ചെയ്ത അസാധാരണ നായയുടെ ചിത്രം രഹസ്യപ്പട്ടികയില്‍ നിന്നും നീക്കുന്നു.'' എന്ന കുറിപ്പോടെ ട്രംപ് നായയുടെ ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു. അതേസമയം നായയുടെ പേരും മറ്റു വിവരങ്ങളുമെല്ലാം അമേരിക്ക രഹസ്യമായി തന്നെ വെച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലെ റെയ്ഡില്‍ നായ മഹത്തായ സേവനമാണ് ചെയ്തതെന്ന തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാന്‍ ജന. മാര്‍ക്ക് മിലിയും പറഞ്ഞിരുന്നു.


ബങ്കറിനുള്ളില്‍ സ്വയം നടത്തിയ അല്‍ ബാഗ്ദാദിയും മൂന്ന് മക്കളും കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ നായയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ മുറിവ് നിസ്സാരമാണെന്നും എത്രയും പെട്ടെന്ന് തന്നെ പരിക്ക് ഭേദമായി തിരിച്ചുവന്ന് ജോലിയില്‍ തിരികെ പ്രവേശിക്കുമെന്നും മിലി പറഞ്ഞു. നായയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കാനാണ് അമേരിക്കയുടെ പദ്ധതി. നായയുടെ പേര് ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് മിലി ആവര്‍ത്തിച്ചു. ശത്രു സൈന്യത്തെയും അവര്‍ വെയ്ക്കുന്ന സ്‌ഫോടക വസ്തുക്കളും മുന്‍കൂട്ടി കണ്ടെത്താന്‍ അമേരിക്കന്‍ സേന ബല്‍ജിയന്‍ മലിനോയ്‌സ് വിഭാഗത്തില്‍ പെട്ട നായകളുടെ സേവനം ഉപയോഗിക്കാറുണ്ട്. ഇക്കാര്യത്തില്‍ ഇത്തരം നായകള്‍ ഉജ്വല സേവനം ചെയ്യുന്നുമുണ്ട്.


2011 ല്‍ പാകിസ്താനിലെ അബോട്ടാ ബാദില്‍ അല്‍ കൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ വേട്ട നടത്തിയ അമേരിക്കന്‍ സീലുകള്‍ ഈ ഇനത്തില്‍ പെടുന്ന കെയ്‌റോ എന്ന നായയുടെ സേവനം ഉപയോഗിച്ചിരുന്നു. ലാദന്‍ വേട്ടയില്‍ പങ്കാളികളായ കമാന്റോകളെ ആദരിക്കുന്ന ചടങ്ങില്‍ അന്നത്തെ പ്രസിഡന്റ് ബാരാക് ഒബാമ കെയ്‌റോയേയും ആദരിച്ചിരുന്നു. സിറിയയില്‍ ഞായറാഴ്ച നടന്ന സംഭവത്തെ നാടകീയമായിട്ടാണ് ട്രംപ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.


ഓപ്പറേഷനില്‍ സൈന്യത്തിന്റെ ഭാഗമായ അനേകം വേട്ട നായ്ക്കളെയും ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞ ട്രംപ് അമേരിക്കന്‍ സൈന്യം അടുത്തപ്പോള്‍ ബാഗ്ദാദി പതം പറഞ്ഞ് കരകയും അലറുകയും നായയെപ്പോലെ മോങ്ങുകയും ചെയ്‌തെന്ന് ട്രംപ് പറഞ്ഞു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തിയ ബാഗ്ദാദിയെ നായകളാണ് പിന്തുടര്‍ന്ന് പിടികൂടിയതെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K