09 December, 2019 07:15:29 PM


കനത്ത മഴയും ഇടിമിന്നലും: സൗദിയില്‍ വന്‍ നാശനഷ്ടം



റിയാദ്: ശക്തമായ ഇടിമിന്നലില്‍ സൗദിയില്‍ വന്‍ നാശനഷ്ടം. ശനിയാഴ്ച വൈകീട്ടാണ് കനത്ത മഴയും ഇടിമിന്നലും ഉണ്ടായത്. മലയാളികളുള്‍പ്പെടെ പലരുടെയും സ്ഥാപനങ്ങളിലെയും വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടായി. സി.സി ടി.വി കാമറകളും അനുബന്ധ ഉപകരണങ്ങളും നശിച്ചവയില്‍ പെടുന്നു.


റിയാദ് അസീസിയയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി അന്‍സാരിയുടെ ഫ്‌ലാറ്റില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. വീട്ടിലെ എല്‍.ഇ.ഡി ടി.വികള്‍ ഉള്‍പ്പെടെ വിവിധ ഉപകരണങ്ങളും ഇദ്ദേഹം മാനേജരായ സമീപത്തെ സ്‌കൂളിലെ സി.സി.ടി.വി കാമറകളും അനുബന്ധ ഉപകരണങ്ങളും കേടായി. സ്‌കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് അന്‍സാരിയുടെ ഫ്‌ളാറ്റ്. ചെറിയ മഴയില്‍ ഉഗ്ര ശബ്ദത്തോടെ കെട്ടിടത്തിന് പിന്‍വശത്ത് ഇടി ചായുകയായിരുന്നെന്ന് അന്‍സാരി പറഞ്ഞു.   
 
ഇടിമിന്നലിന്റെ ആഘാതത്തില്‍ വീട്ടിലെ രണ്ട് എല്‍.ഇ.ഡി ടെലിവിഷന്‍ സെറ്റുകള്‍, മ്യൂസിക് സിസ്റ്റം, ആന്റിനയുടെ റിസീവര്‍, ആപ്പിള്‍ ടി.വി എന്നിവ അടിച്ചുപോയി. സ്‌കൂളിലെ ഒമ്പത് സി.സി.ടി.വി കാമറകള്‍, ഡി.വി.ആര്‍ എന്നിവയും പോയി. ഈ ഉപകരണങ്ങളെല്ലാം പവര്‍ സപ്ലൈയില്‍ കണക്ട് ചെയ്തിരുന്നത് കൊണ്ടാണ് കേടായതെന്നും ഇടിമിന്നലുണ്ടാവുമ്പോള്‍ വൈദ്യുതി ബന്ധം വിഛേദിക്കാന്‍ എല്ലാവരും മുന്‍കരുതലെടുക്കണമെന്ന് അന്‍സാരി പറഞ്ഞു. വീട്ടില്‍ മാത്രം ഉപകരണങ്ങള്‍ കേടായ വകയില്‍ ഏഴായിരം റിയാലിന്റെ നഷ്ടമുണ്ടായിട്ടുണ്ട്. സ്‌കൂളിന് നഷ്ടം പതിനായിരം റിയാലിന്റെയും. ഇതേ കെട്ടിടത്തിലെ മുന്‍വശത്തെ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ ടൈലറിങ് ഷോപ്പിലെ കാമറകളും ഡി.വി.ആറും ഇതേ രീതിയില്‍ കേടായി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K