29 February, 2020 04:29:46 PM


കൊറോണ: ജനീവ മോട്ടോര്‍ ഷോ റദ്ദാക്കി; ഉപേക്ഷിച്ചത് ഏറ്റവും വലിയ വാഹന പ്രദര്‍ശനത്തിന്റെ 90-ാം പതിപ്പ്


Corona threat, Geneva motor show


ജനീവ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോ റദ്ദാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മോട്ടോര്‍ ഷോയാണ് ജനീവയിലേത്. മാര്‍ച്ച് അഞ്ച് മുതല്‍ 15 വരെ നടത്താനിരുന്ന മോട്ടോര്‍ ഷോയുടെ 90-ാമത് എഡിഷനാണ് റദ്ദാക്കിയത്.

ജനീവയിലും സ്വിറ്റ്‌സര്‍ലന്‍ഡിലെ മറ്റ് ഭാഗങ്ങളിലും നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ ഇറ്റലിയിലും കൊറോണ വൈറസ് ബാധ വ്യാപകമാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോട്ടോര്‍ ഷോ റദ്ദാക്കിയത്. പൊതുജനങ്ങള്‍ക്കുള്ള പ്രദര്‍ശനം ഒരുക്കുന്നതിന് മുന്നോടിയായി മാര്‍ച്ച് രണ്ടാം തീയതി മുതല്‍ മാധ്യമങ്ങള്‍ക്കായുള്ള പ്രദര്‍ശനം ആരംഭിക്കാനിരുന്നതാണ്.

മോട്ടോര്‍ ഷോയ്ക്ക് മാറ്റമില്ലെന്നാണ് സംഘാടകര്‍ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇവന്റ് മറ്റൊരു തീയതിയിലേക്ക് മാറ്റാനും സംഘാടകര്‍ തയ്യാറായിട്ടില്ല. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആയിരം പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനിടെ നിരവധി കമ്പനികള്‍ തങ്ങളുടെ സ്റ്റാള്‍ ഉപേക്ഷിക്കുകയും ഷോ തുടരുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പൊതുജനാരോഗ്യം പരിഗണിച്ച് ഷോ റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു. തീരുമാനം വാഹന നിര്‍മ്മാതാക്കള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുമെങ്കിലും അവരെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K