18 October, 2020 10:01:33 PM


മലപ്പുറം കൊണ്ടോട്ടിയില്‍ 25.5 കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി യുവാവ് പിടിയില്‍



മലപ്പുറം: കൊണ്ടോട്ടിയില്‍ വന്‍ കഞ്ചാവു വേട്ട. കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ച 25.5 കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശിയായ യുവാവ് പിടിയിലായി. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. 25.5 കിലോ കഞ്ചാവുമായി പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകന്‍ തൊടി വീട്ടില്‍ മുഹമ്മദ് ഹനീഫ (25) ആണ് പിടിയിലായത്. കഞ്ചാവ് കടത്തികൊണ്ടു വന്ന കാറും കസ്റ്റഡിയില്‍ എടുത്തു. 


കൊണ്ടോട്ടി കോടങ്ങാട് വച്ച്‌ ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് ആണ് ഇയാളെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും. ലോക് ഡൗണ്‍ സമയത്ത് കഞ്ചാവിന്‍റെ വില 10 ഇരട്ടിയോളം കൂടിയതിനാല്‍ നിരവധി മയക്കുമരുന്നു മാഫിയകള്‍ നേരിട്ട് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിക്കുകയാണ് ചെയ്യുന്നത്. വലിയ ലോറികള്‍ വാടകക്ക് എടുത്ത് പച്ചക്കറികളും മറ്റും കൊണ്ടു വരുന്നതിന്‍റെ മറവിലാണ് കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് എത്തിക്കുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചു വന്‍ സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ജില്ലയിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ വര്‍ഷം 10 മാസത്തിനിടെ ഏകദേശം 500 കിലോയോളം കഞ്ചാവും, എംഡിഎംഎ, എല്‍ എസ് ഡി പോലെയുള്ള മാരക മയക്കുമരുന്നുകളും മലപ്പുറം ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്ക്വാഡ്‌ പിടികൂടിയിരുന്നു. മലപ്പുറത്ത് കഴിഞ്ഞ മാസം അവസാനമാണ് 320 കിലോ കഞ്ചാവുമായി 8 അംഗ സംഘത്തെ പിടികൂടിയത്. ആന്ധ്രയില്‍ നിന്നും നേരിട്ടു പോയാണ് ഇപ്പോള്‍ പിടിയിലായവര്‍ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കിലോക്ക് 1500 രൂപക്ക് അവിടെ ലഭിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതോടെ 50,000 രൂപയിലധികമാകും.


ഒരു തവണ കഞ്ചാവ് കടത്തുന്നതില്‍ തന്നെ ലക്ഷങ്ങളുടെ ലാഭമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ലോക് ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ടവരേയും ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് മടങ്ങിയവരേയും മയക്കുമരുന്ന് മാഫിയ സമീപിച്ച്‌ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്താണ് ഇതിലേക്ക് കൊണ്ടു വരുന്നത്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ മുഖ്യ പ്രതികളെ കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വോഷണം ഊര്‍ജ്ജിതമാക്കി.


ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി വൈ എസ് പി ഹരിദാസന്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി പി.പി ഷംസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ എം ബിജു, എസ് ഐ വിനോദ് വലിയാറ്റൂര്‍, എസ് ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ക്ഷന്‍ ഫോഴ്സ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ്, ചന്ദ്രന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K