07 October, 2021 11:30:24 PM


ജിഎസ്ടി: വരുമാനനഷ്ടം നികത്താന്‍ കേന്ദ്രം 40,000 കോടി രൂപ അനുവദിച്ചു



ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും, നിയമനിര്‍മ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ 40,000 കോടി രൂപ അനുവദിച്ചു.2,198.55 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്.

2021 ജൂലൈ 15 ന് 75,000 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ച തുക ഉള്‍പ്പെടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച ആകെ തുക 1,15,000 കോടി രൂപയിലെത്തി. ഓരോ 2 മാസത്തിലും അനുവദിക്കുന്ന യഥാര്‍ത്ഥ സെസ് പിരിവില്‍ നിന്നുള്ള സാധാരണ GST നഷ്ടപരിഹാരത്തിന് പുറമേയാണിത്.

28.05.2021-ല്‍ നടന്ന 43-ാമത് GST കൗണ്‍സില്‍ യോഗത്തിന് ശേഷം, 2021-22-സാമ്പത്തിക വര്‍ഷം 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്കും, നിയമനിര്‍മ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. .

കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സഹായിക്കുന്നതിനായി, ധനകാര്യ മന്ത്രാലയം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,15,000 കോടി രൂപയാണ് (മൊത്തം തുകയുടെ 72 ശതമാനത്തില്‍ അധികം) വായ്പാ സൗകര്യത്തിന് കീഴില്‍ ഇതിനോടകം അനുവദിച്ചത്. ബാക്കി തുകയും യഥാസമയം നല്‍കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K