13 December, 2021 04:37:42 PM


ഐടി കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്കിന് വന്‍ കുതിപ്പ്; കോവിഡും മറികടന്ന് മുന്നേറ്റം




തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതികൂല വിപണി സാഹചര്യങ്ങളിലും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ മികച്ച മുന്നേറ്റം. 2020-21 സാമ്പത്തിക വര്‍ഷം 8,501 കോടി രൂപ കയറ്റുമതി വരുമാനം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2019-20 വര്‍ഷത്തില്‍ 7890 കോടി രൂപയായിരുന്നു ടെക്‌നോപാര്‍ക്കിന്റെ വാര്‍ഷിക കയറ്റുമതി വരുമാനം. ഈ കാലയളവില്‍ അടിസ്ഥാനസൗകര്യ വികസനത്തിലും ടെക്‌നോപാര്‍ക്ക് മികച്ച മുന്നേറ്റമാണ് നടത്തിയത്. ലഭ്യമായ ഐടി സ്‌പേസ് 10 ദശലക്ഷം ചതുരശ്ര അടി എന്ന നാഴികക്കല്ല് പിന്നിട്ടു. പാര്‍ക്കിലെത്തിയ കമ്പനികളുടേയും ജീവനക്കാരുടേയും എണ്ണത്തിലും വര്‍ധന ഉണ്ടായി. 460 കമ്പനികളുള്ള ടെക്‌നോപാര്‍ക്കില്‍ ഇപ്പോള്‍ 63,000 ജീവനക്കാരുണ്ട്.

പ്രതികൂല സാഹചര്യങ്ങളിലും മുന്നേറാനുള്ള ഐടി കമ്പനികളുടെ കരുത്തും തിരിച്ചുവരാനുള്ള ശേഷിയുമാണ് സോഫ്റ്റ്വെയര്‍ കയറ്റുമതിയിലെ ഈ വളര്‍ച്ച സൂചിപ്പിക്കുന്നതെന്ന് കേരള ഐടി പാര്‍ക്‌സ് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. 'കോവിഡ് കാലയളവില്‍ ഐടി മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പിന്തുണയും പുതിയ നയങ്ങളും കോവിഡ് പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാന്‍ ചെറിയ കമ്പനികളെ ഏറെ സഹായിച്ചു. ടെക്നോപാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുന്ന കാമ്പസ് ആധുനികവല്‍ക്കരണ പദ്ധതികളും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ ഇനിയും മുന്നേറ്റമുണ്ടാകും. ഇതുവഴി നിലവിലുള്ള കമ്പനികളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂടുകയും പുതിയ ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ ഇങ്ങോട്ട് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നതോടെ കയറ്റുമതിയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാകും,' ജോണ്‍ എം തോമസ് പറഞ്ഞു.

മികച്ച സാമ്പത്തിക സുസ്ഥിരതയ്ക്കുള്ള അംഗീകാരമായി ഈ വര്‍ഷം ക്രിസില്‍ ടെക്‌നോപാര്‍ക്കിന്റെ ക്രെഡിറ്റ് റേറ്റിങ് എ പ്ലസ്/ സ്റ്റേബിള്‍ ആക്കി ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് ആശ്വാസ പാക്കേജിന്റെ ഭാഗമായി ഐടി കമ്പനികള്‍ക്ക് വാടക ഇളവും വാര്‍ഷിക വാടക വര്‍ധന ഇളവും നല്‍കിയിട്ടും ഇത് ടെക്‌നോപാര്‍ക്കിന്റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിരുന്നില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K