19 May, 2022 09:40:31 AM


ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് എത്തിയത് തോട്ടിലേക്ക്; സംഭവം കോട്ടയം കുറുപ്പന്തറയിൽ



കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് എത്തിയത് തോട്ടിലേക്ക്, സമയോചിതമായി നാട്ടുകാര്‍ ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് കുറുപ്പന്തറ കടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ കുടുംബമാണ് അപകടത്തില്‍പെട്ടത്. മൂന്നാറില്‍നിന്നു ആലപ്പുഴയിലേക്ക് പോകുംവഴിയാണ് അപകടം. 

യാത്ര ആരംഭിച്ചതുമുതല്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കടവ് ഭാഗത്തെത്തിയപ്പോള്‍ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിര്‍ദേശം. ഇതോടെ ഇവിടത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് ഓടിക്കുകയായിരുന്നു. നോക്കി നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ വിളിച്ചുകൂവിയപ്പോഴേക്കും കാര്‍ സമീപത്തെ തോട്ടിലേക്ക് ചാടിയിരുന്നു. മഴ ശക്തമായതിനാല്‍ തോട്ടില്‍ നല്ല വെള്ളമുള്ള സമയമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. തുടര്‍ന്ന് കാര്‍ തള്ളി കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടിവലിച്ചാണ് കാര്‍ തോട്ടില്‍നിന്നു കരയ്ക്കെത്തിച്ചത്. മറ്റു തകരാറൊന്നുമില്ലാതിരുന്നതിനാല്‍ ഇവര്‍ ഇതേ കാറില്‍ തന്നെ യാത്ര തുടര്‍ന്നു. ഈ ഭാഗത്ത് അപകടങ്ങള്‍ സ്ഥിരമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താത്കാലികമായി ചങ്ങലയിട്ട് വഴി അടച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K