10 February, 2026 06:29:17 PM
സുരക്ഷിത ഇന്‍റർനെറ്റ് ദിനം: ശിൽപശാല സംഘടിപ്പിച്ചു

കോട്ടയം: സുരക്ഷിത ഇൻർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും ചേർന്ന് ഇൻറർനെറ്റ് ദിനം 2026 ശിൽപശാല സംഘടിപ്പിച്ചു. സ്മാർട്ട് സാങ്കേതികവിദ്യ, സുരക്ഷിതമായ തെരഞ്ഞെടുപ്പുകൾ, നിർമിത ബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്ത ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ ശിൽപശാല ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു.
സാങ്കേതിക വിദ്യകളുടെ വളർച്ചയ്‌ക്കൊപ്പം സൈബർ സുരക്ഷയുടെ പ്രാധാന്യവും വർധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ജോലികളിൽ സഹായത്തിനായി എ.ഐ ടൂളുകൾ ഉപയോഗിക്കാനാകുമെങ്കിലും സുപ്രധാന വിവരങ്ങൾ എ.ഐ ആപ്ലിക്കേഷനുകളുമായി പങ്കുവയ്ക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ ജീവനക്കാരുടെ ഡിജിറ്റൽ സുരക്ഷാബോധം വർധിപ്പിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ശിൽപശാല സംഘടിപ്പിച്ചത്. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ്, സൈബർ സെൽ സബ് ഇൻസ്പെക്ടർ കെ.സി. ഷൈൻ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ സംഗീത് സോമൻ പ്രസംഗിച്ചു.





