27 February, 2016 12:38:30 AM


തിങ്കളാഴ്ച അഖിലേന്ത്യ പണിമുടക്ക് ; ബാങ്കുകള്‍ മൂന്നുദിവസത്തേക്ക് അടഞ്ഞുകിടക്കും


കൊച്ചി: അവധിയും അഖിലേന്ത്യ പണിമുടക്കുംമൂലം ശനിയാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും. കേന്ദ്ര ബജറ്റ് അവതരണദിവസമായ തിങ്കളാഴ്ച ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി) അഖിലേന്ത്യ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. നാലാം ശനിയാഴ്ചയായ ഇന്ന് ബാങ്കുകള്‍ക്ക് അവധിയാണ്. ഞായറാഴ്ച പൊതുഅവധിയും. 

ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും എ.ഐ.ബി.ഒ.സി കേരള ഘടകം പ്രസിഡന്‍റുമായ പി.വി. മോഹനനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഫെഡറേഷന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കോണ്‍ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്ത ഫെഡറല്‍ ബാങ്ക്, ബറോഡ ബാങ്ക്, ആന്ധ്ര ബാങ്ക്, വിജയ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ പൊതു - സ്വകാര്യ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കും.

മോഹനനെ ജോലിയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ധനലക്ഷ്മി ബാങ്ക് മാനേജ്മെന്‍റുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച കൊച്ചിയില്‍ ലേബര്‍ കമീഷണറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.

തുടര്‍ച്ചയായ അവധി എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. എ.ടി.എമ്മുകളില്‍ പണം നിറക്കുന്നത് ചില ബാങ്കുകള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പിച്ചിട്ടുണ്ടെങ്കിലും ബാങ്ക് നടപടികള്‍ പൂര്‍ത്തിയാക്കാതെ ഏജന്‍സികള്‍ക്ക് പണം നിക്ഷേപിക്കാനാകില്ല. അതുകൊണ്ടുതന്നെ ഇനി ചൊവ്വാഴ്ച രാവിലേയെ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കാനാകൂ.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K