23 February, 2019 01:51:03 PM
വാഗമണിൽ റോപ്പ്‍വേ പൊട്ടി വീണ് അപകടം; 15 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

വാഗമണിലെ ആത്മഹത്യാ മുനമ്പിലാണ് സംഭവം. അങ്കമാലി പുള്ളിപ്പാലം ജോയ്‌സി വര്‍ഗീസ് (50), പുതുശേരില്‍ ബിനി തോമസ് (40), ചിറ്റിനേപ്പള്ളില്‍ ജിസ്മി പൗലോസ് (19), ചുട്ടി വേലന്‍ചേരില്‍ അല്‍ഫോന്‍സാ മാത്യു (58), ഷിബി വര്‍ഗീസ് (41), സി. അനുഷ (35), കേരിക്കോത്ത് മേഴ്‌സി ജോയി (50), ചിറ്റിലപ്പള്ളി റിയ ചെറിയാന്‍ (21), മണലൂരാനില്‍ സൗമ്യ വിപിന്‍ (32), കോലത്തുംകുന്നേല്‍ കിരണ്‍ ബാബു (19) എന്നിവര്‍ക്കാണ് പരിക്കുള്ളത്.
സഞ്ചാരികള്ക്കായി ശനിയാഴ്ച തുറന്നുകൊടുത്ത റോപ് വേയാണ് യാത്രയ്ക്കിടെ തകര്‍ന്നുവീണത്. പരിധിയിലും അധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഒരേ സമയം മൂന്നു പേർക്ക് മാത്രം കയറാവുന്ന റോപ്‍വേയിൽ 15നും 20 നും ഇടയിൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണമായത്. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികൾ റോപ്പ്‍വേയിൽ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ അധികൃതർ പറഞ്ഞു.
എന്നാൽ അത്തരത്തിലുള്ള സുരക്ഷാ അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 9 പേരിൽ ഒരു കന്യാസ്ത്രീയുടെ കാലിന് സാരമായ പൊട്ടലുണ്ടെങ്കിലും പരിക്കേറ്റ മറ്റുള്ളവരുടെ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.