09 January, 2026 02:55:38 PM


ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ



തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രിയെ ഇന്ന് തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് നടത്തിയ 'ദൈവതുല്യരായ ആൾ' എന്ന പരാമർശം അന്വർത്ഥമാക്കും വിധമാണ് ഇപ്പോൾ കണ്ഠരര് രാജീവരുടെ അറസ്റ്റ്. 

കഴിഞ്ഞ വർഷം നവംബറിലും തന്ത്രിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്‌ഥാവര, ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് നേരത്തെ മൊഴി നൽകിയിരുന്നു. ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും ദേവന്റെ അനുജ്‌ഞയും നൽകുക മാത്രമാണ്  ചെയ്തത് എന്നായിരുന്നു മൊഴി. എന്നാൽ തന്ത്രിക്കെതിരെ കൂടുതൽ തെളിവ് കിട്ടിയതോടെയാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ദ്വാരപാലക ശിൽപത്തിലെ 'സ്വർണ അങ്കി'യുടെ നിറം മങ്ങിയതിനാൽ നവീകരിക്കാം എന്നാണ് അനുമതിയിൽ പറഞ്ഞിട്ടുള്ളതെന്നും തന്ത്രി രാജീവര് എസ്ഐടിയെ അറിയിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് നടത്തിയ 'ദൈവതുല്യരായ ആളുകൾ' എന്ന പരാമർശത്തോട്, 'ദൈവതുല്യരായിട്ടുള്ള എത്ര പേരുണ്ട്, അതെങ്ങനെ എനിക്കറിയാം' എന്ന മറുപടിയാണു രാജീവര് നൽകിയത്.

അറസ്റ്റിന് ശേഷം തന്ത്രിയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെന്ന കാരണത്താൽ അതീവരഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K