09 January, 2026 11:39:27 AM


രാഹുലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു- അതിജീവിതയുടെ ഭര്‍ത്താവ്



പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതായി അതിജീവിതയുടെ ഭര്‍ത്താവ്. തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പുറത്താക്കുന്നതിന് മുന്‍പ് തന്നോട് വിശദീകരണം ചോദിക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ലെന്ന് രാഹുലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയതെന്നാണ് പറയുന്നത്. എന്നാല്‍ തന്നോട് വിശദീകരണം പോലും ചോദിക്കാതെ പാര്‍ട്ടി ഏകപക്ഷീയമായി പുറത്താക്കുകയായിരുന്നു. ഇതിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ ഗൂഢാലോചനയുണ്ടെന്നും പുറത്താക്കല്‍ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കുമെന്നും യുവാവ് പറഞ്ഞു.

ഇന്നലെയാണ് യുവതിയുടെ ഭര്‍ത്താവിനെ യുവമോര്‍ച്ചയുടെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ട് പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് അറിയിച്ചത്. ബിജെപി പഞ്ചായത്ത് സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍ നടപടിയെന്നുമായിരുന്നു വിശദീകരണം. തച്ചനാട്ടുകര പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി മൂന്ന് വോട്ടിനു തോറ്റിരുന്നു. അതിജീവിതയുടെ ഭര്‍ത്താവാണ് തോല്‍വിക്കു കാരണം എന്ന ആക്ഷേപം പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും പ്രാദേശിക നേതൃത്വവും ഉയര്‍ത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ കുടുംബ ജീവിതം തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടി രാഹുലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും, തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ പരാതിക്കാരിയെ വശീകരിച്ചെന്നു പരാതയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് തന്റെ പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടാവത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K