09 January, 2026 08:25:41 PM


പോറ്റിക്ക് പരിചയമുള്ളവരൊക്കെ തെറ്റുകാരാണോ?- രാഹുൽ ഈശ്വർ

'എസ്ഐടിക്കുമേൽ സമ്മർദമില്ല, അന്വേഷണം ശരിയായ ദിശയിൽ'- തന്ത്രിയുടെ അറസ്റ്റിൽ ഡിജിപി റവാഡ ചന്ദ്രശേഖർ



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അറസ്റ്റ് ചെയ്ത് തന്ത്രി കണ്ഠരര് രാജീവരെ ന്യായീകരിച്ച് രാഹുൽ ഈശ്വർ. തൻ്റെ ബന്ധുവായത് കൊണ്ട് പറയുന്നല്ലെന്നും, ജീവിതത്തിൽ ഇതുവരെ ബ്ലാക്ക് മാർക്ക് കേൾപ്പിക്കാത്ത വ്യക്തിയാണ് കണ്ഠരര് രാജീവരെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

കണ്ഠരര് രാജീവര് ചെയ്ത തെറ്റ് എന്താണെന്ന് മനസിലാകുന്നില്ല. ഇത് വളരെ ദൗർഭാഗ്യകരമായ കാര്യമാണ്. പോറ്റിക്ക് തെറ്റുപറ്റിയിട്ടുണ്ടാകാം. എന്നാൽ, പോറ്റി ആരുടെയെങ്കിലും കൂടെ ഫോട്ടോ എടുത്താൽ അവരും കുറ്റക്കാരാകുമോ? പോറ്റിക്ക് പരിചയമുള്ളവരൊക്കെ തെറ്റുകാരാണ് എന്നുപറയുന്നതിൽ അർഥമുണ്ടോ എന്നും രാഹുൽ ചോദിച്ചു.

തന്ത്രിയെ കുടുക്കി കേസിൻ്റെ ശ്രദ്ധ തെറ്റിക്കാനുമുള്ള ശ്രമമാണിത്. കേസുമായി ബന്ധപ്പെട്ട ഒൻപത് ഇടക്കാല വിധിയുണ്ട്. അതിലൊന്നിലും തന്ത്രിയെ പരാമർശിക്കുന്നില്ലെന്നും രാഹുൽ എടുത്തുപറഞ്ഞു. ദേവസ്വം ബോർഡ് എടുത്ത നയപരമായ തീരുമാനങ്ങളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. ക്ഷേത്രത്തിലെ മുഴുവൻ കാര്യങ്ങളും തീരുമാനിക്കുന്നത് ദേവസ്വം ബോർഡാണ്. അവർക്ക് പറ്റിയ വീഴ്ചയിൽ എങ്ങനെയാണ് തന്ത്രിയെ കുടുക്കാൻ സാധിക്കുക. സ്വർണം സൂക്ഷിക്കേണ്ട ഉത്തരവാദിത്തം തന്ത്രിക്കല്ല, ദേവസ്വം ബോർഡിനാണ്. തന്ത്രിയെ കുടുക്കി ബാക്കിയുള്ളവരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും, തൻ്റെ ബന്ധുവായത് കൊണ്ട് പറയുന്നതല്ലെന്നും രാഹുൽ പറഞ്ഞു.

സ്വർണക്കൊള്ള കേസിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും കണ്ഠരര് രാജീവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന എസ്‌ഐടി കണ്ടെത്തലിന് പിന്നാലെയാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്ത്രിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് . സ്വര്‍ണം പൊതിഞ്ഞ പാളിയാണ് എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടുവെന്നും എസ്‌ഐടി പറയുന്നു. പാളികളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന് ആദ്യം പറഞ്ഞതും കണ്ഠരര് രാജീവര് ആയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം പ്രത്യേക അന്വേഷണസംഘം ശരിയായ ദിശയിലാണ് കൊണ്ടുപോകുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. എസ്‌ഐടിക്കുമേൽ ഒരുതരത്തിലുള്ള സമ്മർദവുമില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ്‌ഐടി പ്രവർത്തിക്കുന്നത്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് പിന്നാലെയാണ് ഡിജിപിയുടെ പ്രതികരണമുണ്ടായത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951