31 July, 2019 05:46:05 PM
തലയോലപറമ്പില്‍ പുഴയിൽ കുളിക്കാനിറങ്ങിയ ഇടുക്കി സേനാപതി സ്വദേശി മുങ്ങിമരിച്ചു

വൈക്കം: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി സേനാപതി അനീഷ് ഭവനിൽ ഗണേഷിന്‍റെ മകൻ അനന്തു (19 ) വാണ് മരിച്ചത്. ഇന്നു രാവിലെ ഏഴിന് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം മൂവാറ്റുപുഴയാറിൽ തൈക്കാവ് കടവിൽ പത്തോളം സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടയില്‍ യുവാവിനെ കാണാതാവുകയായിരുന്നു.
സേവന കറി പൗഡറിന്‍റെ വിതരണക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അനന്തു. തലയോലപ്പറമ്പ് എസ്.ഐ ടി.കെ സുധീറിന്‍റെ നേതൃത്വത്തിൽ പോലീസും വൈക്കം, കടുത്തുരുത്തി ഫയർഫോഴ്സും പുഴയിൽ തെരച്ചിൽ നടത്തിവരുന്നതിനിടയിൽ വെട്ടിക്കാട്ടുമുക്കിന് സമീപത്ത് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.






