18 August, 2019 01:42:56 PM


ഏറ്റുമാനൂര്‍ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ്: കോടികളുടെ വെട്ടിപ്പും ക്രമക്കേടുമെന്ന് കണ്ടെത്തല്‍

കരാര്‍ റദ്ദ് ചെയ്ത് പുതിയ ടെന്‍ഡര്‍ ക്ഷണിക്കണമെന്ന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍


Kairaly Vartha EXCLUSIVE


- സ്വന്തം ലേഖകൻ


ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരഹൃദയത്തില്‍ വ്യാപാരസമുശ്ചയത്തിന്‍റെയും മള്‍ട്ടിപ്ലക്സ് തീയറ്ററുകളുടെയും നിര്‍മ്മാണത്തിന് നഗരസഭ കരാര്‍ നല്‍കിയതില്‍ വന്‍ക്രമക്കേടും കോടികളുടെ വെട്ടിപ്പുമെന്ന് കണ്ടെത്തല്‍. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് ഭരണസമിതി വ്യഗ്രത കാട്ടിതുടങ്ങിയതോടെ അവതാളത്തിലായത് നഗരസഭയിലെ മറ്റ് വികസനപദ്ധതികള്‍. വാര്‍ഡുതലത്തില്‍ നടക്കേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ വെട്ടിചുരുക്കിയാണ് ഷോപ്പിംഗ് കോംപ്ലക്സിന് ഫണ്ട് കണ്ടെത്തുന്നതെന്ന് കൌണ്‍സിലര്‍മാരുടെ ആരോപണം. 


വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്ത കേന്ദ്ര സര്‍ക്കാര്‍ എജന്‍സിയായ വാപ്കോസിന് സെന്‍റേജ് ചാര്‍ജായി 44 ലക്ഷം രൂപ നല്‍കുവാന്‍ നഗരസഭാ കൌണ്‍സില്‍ തീരുമാനിക്കുകയും ഫയല്‍ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ പക്കല്‍ എത്തുകയും ചെയ്തതോടെയാണ് ക്രമക്കേടുകളുടെയും വെട്ടിപ്പിന്‍റെയും ചുരുളഴിയുന്നത്. നിര്‍മ്മാണത്തിന് കരാര്‍ വെച്ചതുമുതല്‍ ഇതുവരെ നടന്ന കാര്യങ്ങളെല്ലാം നിയമവിരുദ്ധമായിട്ടാണെന്നാണ് വെളിപ്പെടുന്നത്. 



സ്വകാര്യ ബസ് സ്റ്റാന്‍റിലേക്കുള്ള വഴിയില്‍ ചിറക്കുളത്തിനോട് ചേര്‍ന്ന് എം.സി. റോഡിന് അഭിമുഖമായി 58 കടമുറികളും 240 സീറ്റുകളുള്ള മള്‍ട്ടിപ്ലക്സ് സിനിമാ തീയറ്ററും അടങ്ങുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന പദ്ധതി. ഈ പദ്ധതിയുടെെ നിര്‍മ്മാണത്തിന് പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി (പിഎംസി)യെ കണ്ടെത്തുന്നതിന് ടെന്‍ഡര്‍ വിളിക്കേണ്ടത് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ നഗരസഭാ അസിസ്റ്റന്‍റ് എഞ്ചിനീയറാണ്. എന്നാല്‍ ഇതിനുപകരം നഗരസഭാ സെക്രട്ടറി ആറ് അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് താല്‍പര്യപത്രം നല്‍കുകയും അതില്‍ വാപ്കോസ് ലിമിറ്റഡിന് സെലക്ഷന്‍ മെമ്മോ നല്‍കുകയും ചെയ്തത് ക്രമവിരുദ്ധമായിട്ടാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. 

പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സിയായി മാത്രം പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ വാപ്കോസിന് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ നഗരസഭ വാപ്കോസുമായി കരാറിലേര്‍പെട്ടത് പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി എന്ന നിലയ്ക്കല്ല. കെട്ടിടത്തിന്‍റെ മുഴുവന്‍ നിര്‍മ്മാണചെലവും വിവിധ ഭാഗങ്ങളായി വാപ്കോസിനെ ഏല്‍പ്പിച്ചുകൊള്ളാമെന്ന എഗ്രിമെന്‍റാണ് നഗരസഭ വെച്ചിരിക്കുന്നത്. അതായത് വാപ്കോസ് കെട്ടിടം പണി പൂര്‍ത്തിയാക്കി നഗരസഭയ്ക്ക് കൈമാറും എന്ന നിലയില്‍. നഗരസഭയ്ക്ക് ഒരു എഞ്ചിനീയറിംഗ് വിഭാഗമുണ്ടെങ്കിലും അവര്‍ ഇതിലൊന്നും തലയിടേണ്ട എന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങിയതോടെയാണ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ രംഗത്തെത്തിയത്.


ഓരോ ഘട്ടത്തിലും നിര്‍മ്മാണപുരോഗതി വിലയിരുത്തി ബില്‍തുക അംഗീകരിക്കപ്പെട്ട കരാര്‍കാരന് നഗരസഭ നേരിട്ട് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇതിന് ഘടകവിരുദ്ധമായിട്ടായിരുന്നു കരാര്‍ പോലും വെച്ചത്. സര്‍ക്കാരിന്‍റെ ഏത് നിര്‍മ്മാണപ്രവ‍ൃത്തികളിലും അക്രഡിറ്റഡ് ഏജന്‍സികള്‍ പാലിക്കേണ്ട കാര്യങ്ങള്‍ എഗ്രിമെന്‍റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിര്‍മ്മാണം ഏറ്റെടുത്ത വാപ്കോസ് നിര്‍മ്മാണത്തിന്‍റെ പുരോഗതികള്‍ നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തെ ഇന്നേവരെ അറിയിച്ചിട്ടുമില്ല. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ താന്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ കൌണ്‍സിലില്‍ അവതരിപ്പിക്കുന്നതിനായി അജണ്ടയായി തയ്യാറാക്കി ചെയര്‍മാന് നല്‍കിയിരിക്കുകയാണ്.

18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കരാര്‍ ഏറ്റെടുത്ത വാപ്കോസ് ആകട്ടെ ഒരു സ്വകാര്യ കമ്പനിയ്ക്ക് സബ് കോണ്‍ട്രാക്ട് നല്‍കി. സ്ഥലമേറ്റെടുത്ത കമ്പനി ഇരുമ്പുതകിടുകള്‍ വെച്ച് മറച്ചുകെട്ടിയതല്ലാതെ മാസങ്ങള്‍ കഴിഞ്ഞിട്ടും പണികള്‍ കാര്യമായി ആരംഭിച്ചിട്ടില്ല. 27 കോടി രൂപയാണ് 4500ഓളം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തിന് അടങ്കല്‍ തുക. എന്നാലിത് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുള്ള തുകയുടെ മൂന്നിരട്ടിയാണത്രേ. കേരളാ അര്‍ബന്‍ റൂറല്‍ ഡെവലപ്പ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ നല്‍കുന്ന 15 കോടി രൂപയും നഗരസഭയുടേയും വ്യാപാരികളുടേയും വിഹിതമായി 12 കോടി രൂപയുമാണ് ഇതിനായി ഉപയോഗിക്കാനുദ്ദേശിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം തികയുമ്പോള്‍ മാസതവണകളായി വായ്പാ തിരിച്ചടവ് തുടങ്ങും. എന്നാല്‍ മുതലും പലിശയും കൂടി കോടികള്‍ തന്നെ തിരിച്ചടവിന് വേണ്ടിവരും. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന് തുക കണ്ടെത്തുവാന്‍ ഭാവിയില്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ വെട്ടിചുരുക്കേണ്ടിവരും. ഇതോടെ വാര്‍ഡ് തലത്തില്‍ നടക്കേണ്ട പദ്ധതികള്‍ എല്ലാം അവതാളത്തിലാകും. ഒരു വിഭാഗം അംഗങ്ങള്‍ക്ക് പണം വെട്ടിക്കാനുള്ള സംരംഭമായി ഷോപ്പിംഗ് കോംപ്ലക്സിനെ മാറ്റുന്നതില്‍ കൌണ്‍സിലര്‍മാര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തൊടുപുഴയില്‍ 5500 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഷോപ്പിംഗ് കോംപ്ലക്സ് നഗരസഭ 10 കോടി രൂപയ്ക്ക് പണിയുമ്പോള്‍ ഇവിടെ 27 കോടി രൂപ ചെലവഴിക്കുന്നതിലെ സാങ്കേതികത്വവും കൌണ്‍സിലര്‍മാര്‍ ചോദ്യം ചെയ്യുന്നു.

നിയമസാധുതയില്ലാതെ വാപ്കോസുമായി വെച്ച കരാര്‍ പുനപരിശോധിക്കണമെന്നും ആവശ്യമെങ്കില്‍ കരാര്‍ റദ്ദ് ചെയ്ത് പദ്ധതി നിര്‍വ്വഹണ ചുമതല നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നല്‍കിയ കത്ത് ഇപ്പോള്‍ ഭരണസമിതിയെ വെട്ടിലാഴ്ത്തിയിരിക്കുകയാണ്. 2017ലെ ഹൈക്കോടതി വിധിയ്ക്ക് വിരുദ്ധമായി നഗരസഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് നിയമോപദേശം തേടണമെന്നും പിഎംസി ബിഡുകള്‍ ക്ഷണിച്ചതിലുള്ള അപര്യാപ്തതകള്‍ ക്രമവല്‍ക്കരിക്കുന്നതിന് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചുള്ള അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കത്തില്‍ ക്രമക്കേടുകല്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ഇതോടെ അസിസ്റ്റന്‍റ് എഞ്ചിനീയറെ ഒതുക്കി സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് ഭരണസമിതി  അംഗങ്ങളെന്നും ചില കൌണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K