23 August, 2019 08:34:33 PM


സ്കൂള്‍ കയ്യേറി സാംസ്കാരിക നിലയത്തിന്‍റെ പ്രവര്‍ത്തനം: ഡിജിപിയ്ക്കും സാമൂഹ്യനീതിവകുപ്പിനും പരാതി

- എം.പി.തോമസ്




കോട്ടയം: നീണ്ടൂര്‍ മൂഴികുളങ്ങരയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കയ്യേറി ഗ്രാമപഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചുണ്ടായ വിവാദത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും തീരുമാനമുണ്ടാകാതെ വന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി അയച്ചു. ഇതുവരെ സംഭവിച്ച കാര്യങ്ങളോടു കൂടി തയ്യാറാക്കിയ റിപ്പോര്‍ട്ട് സഹിതമാണ്  നീണ്ടൂര്‍ പഞ്ചായത്ത് ഗവ. യു.പി.സ്‌കൂള്‍  പ്രധാനാധ്യാപകന്‍ പി.കെ.എബ്രാഹാം ഉന്നതാധികാരികള്‍ക്ക് കത്തയച്ചത്.

സ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക നിലയം കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമാകുന്നു എന്ന് കാട്ടി നല്‍കിയ കത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കെട്ടിടം വീണ്ടെടുക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപകന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വിവരം കാട്ടി കെട്ടിടമൊഴിയാന്‍ നോട്ടീസ് നല്‍കിയിട്ടും മുഖവിലയ്‌ക്കെടുക്കാതെ വന്നതോടെ പ്രധാനാധ്യപകന്‍ കെട്ടിടം പുതിയ താഴിട്ട് പൂട്ടി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും മെമ്പറും സ്ഥലത്തെത്തി താഴ് അറത്ത് മാറ്റി കെട്ടിടം സാംസ്‌കാരിക നിലയം ഭാരവാഹികള്‍ക്ക് തുറന്നു കൊടുത്തു.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കി. ഓണം തുരുത്ത് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം കെട്ടിടവും സ്ഥലവും സ്‌കൂള്‍ വകയാണെന്ന് പറയുമ്പോഴും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെട്ടിടം അവരുടേതാണെന്ന് കാട്ടി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കി. ഇതോടെ കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം റവന്യു വകുപ്പാണ് തീര്‍ക്കേണ്ടതെന്ന നിലപാട് പോലീസ് സ്വീകരിച്ചു. ആര്‍ഡിഓയെ സമീപിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തിയ ഡിഡിഈ, ഡിഈഓ, എഈഓ, വിദ്യാഭ്യാസസംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ സ്‌കൂളിന്‍റെ കെട്ടിടത്തില്‍ ക്ലബ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന നിലപാട് തന്നെ സ്വീകരിച്ചു. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി സംസ്ഥാന - ജില്ലാ പോലീസ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍ക്കും സാമൂഹ്യനീതി വകുപ്പ് സംസ്ഥാന- ജില്ലാ ഓഫീസുകളിലും ഡിഡിഈയ്ക്കും പ്രധാനാധ്യാപകന്‍ പി.കെ.എബ്രഹാം റിപ്പോര്‍ട്ട് നല്‍കിയത്. സ്‌കൂളില്‍ പഠിക്കുന്ന 3 വയസു മുതല്‍ 10 വയസു വരെയുള്ള 78 കുട്ടികള്‍ക്ക് ബാലാവകാശനിയമം, വിദ്യാഭ്യാസ അവകാശനിയമം എന്നിവ ഉറപ്പ് നല്‍കുന്ന പരിരക്ഷയും സൌകര്യങ്ങളും ലഭ്യമാക്കണമെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

സ്‌കൂള്‍ വളപ്പില്‍ വിദ്യാഭ്യാസേതര പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന കെഇആര്‍ നിയമം, ഹൈക്കോടതി വിധി, ചീഫ് സെക്രട്ടറിയുടെ ഉത്തരവ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറും കത്തും, പാലാ ജില്ലാ വിദ്യാഭാസ ഓഫീസറുടെ കത്ത് ഇവയുടെ അടിസ്ഥാനത്തിലാണ് അനധികൃതക്ലബ്ബ് പ്രവര്‍ക്കുന്നത് തടഞ്ഞ് കെട്ടിടം താഴിട്ട് പൂട്ടിയതെന്ന് ഇദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം താന്‍ പ്രവര്‍ത്തിച്ചപ്പോള്‍ കുറ്റകൃത്യം ചെയ്തിരുന്നു എന്ന് സ്വയം സമ്മതിച്ചവരുടെ പേരില്‍ കേസെടുക്കാതെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ആര്‍ഡിഓയെ സമീപിക്കാന്‍ പറയുകയാണ് പോലീസ്  ചെയ്തതെന്നും പ്രധാനാധ്യാപകന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K