14 December, 2019 06:36:40 PM
ജോസഫിന് മുന്നിൽ മുട്ടുമടക്കി ജോസ് വിഭാഗം: ചങ്ങനാശേരിയിൽ നഗരസഭാ ചെയർമാൻ രാജിവെയ്ക്കും

കോട്ടയം: ജോസഫ് പക്ഷം സമ്മർദ്ദം ശക്തമാക്കുന്നതിനിടെ ചങ്ങനാശേരി നഗരസഭ ചെയർമാൻ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ജോസ് കെ. മാണി. രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് പക്ഷക്കാരനായ ചെയർമാൻ ലാലിച്ചന്‍ കുന്നിപ്പറമ്പിലിന് പി.ജെ ജോസഫ് കത്ത് നൽകിയിരുന്നു. എന്നാൽ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജി വയ്ക്കാന്‍ തയാറായിരുന്നില്ല.
ചെയർമാൻ സ്ഥാനത്തെ ചൊല്ലി ജോസ്- ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം ജില്ലയിലെ യുഡിഎഫ് രാഷ്ട്രീയത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേത്തുടർന്ന് ജില്ലാ യുഡിഎഫ് നേതൃത്വം നടത്തിയ നീക്കമാണ് ഇപ്പോൾ ഫലം കണ്ടത്. ഈ മാസം 31നകം ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജിവയ്ക്കുമെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയിരിക്കുന്നത്.
ആകെയുള്ള ഏഴ് കേരള കോൺഗ്രസ് അംഗങ്ങളിൽ ആറുപേരും സിഎഫ് തോമസിന്‍റെ സഹോദരൻ സാജൻ ഫ്രാൻസിസിനെ ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. അതേസമയം പാർട്ടിയിൽ തിരിച്ചടികൾ തുടരുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം.






