11 March, 2020 11:35:27 PM


മരണവീട്ടിലും കൊറോണയ്ക്കെതിരെ ജാഗ്രത; കോട്ടയത്ത് നിന്നും ഒരു മാതൃക



പാലാ: കൊറോണയ്ക്കെതിരെയുള്ള ആരോഗ്യ സുരക്ഷയിൽ പാലാ നഗരസഭ നാല് മണിക്കൂർ കൊണ്ട് കൈ കഴുകാനുള്ള സംവിധാനം ഒരുക്കിയപ്പോൾ പാലായ്ക്കടുത്തുള്ള ചക്കാമ്പുഴ ഗ്രാമത്തിലെ വഞ്ചിന്താനത്ത് കുടുംബാംഗങ്ങൾ അമ്മ മരിച്ചപ്പോൾ കൊറോണ ജാഗ്രത നിർദ്ദേശമടങ്ങിയ ബോർഡ് വീട്ടിൽ തന്നെ സ്ഥാപിച്ചു കൊണ്ട് മഹത്തായ സന്ദേശം സമൂഹത്തിനു പകർന്നു നൽകി.


വഞ്ചിന്താനത്ത് പരേതനായ വി.എൽ തോമസിന്‍റെ ഭാര്യ അച്ചു തോമസ് (84)ഇന്ന് രാവിലെ മരണപ്പെട്ടപ്പോൾ കുടുംബാംഗങ്ങൾ കൊറോണ വൈറസിന്‍റെ കാര്യവും ഓർമ്മയിൽ വെച്ചു. മൃതസംസ്ക്കാര നടപടികൾ ഒരുക്കുന്നതിനൊപ്പം മകൻ ജെയ്‌മോൻ കൊറോണ ജാഗ്രതാ നിർദേശമടങ്ങിയ ബോർഡും വീട്ടുവളപ്പിൽ സ്ഥാപിച്ചു.

സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യസുരക്ഷയെ മാനിച്ച് മൃതശരീരത്തിൽ ചുംബിക്കാതെ പ്രാർത്ഥനയോടെ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. പരസ്പരം ഹസ്തദാനം, ആശ്ലേഷം എന്നിവ ഒഴിവാക്കുക. ഇവിടെ ഹാൻഡ് വാഷ്, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന നിർദേശങ്ങളാണ് ബോർഡിൽ എഴുതിയിട്ടുള്ളത്.


കൊറോണയ്ക്കെതിരെ പാലാ രൂപതയും, കോട്ടയം രൂപതയും കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. അതിനോടൊപ്പം ഇടവക സമൂഹവും അതേ പാതയിലാണ് നീങ്ങുന്നത് എന്നുള്ളതിന്‍റെ ഉത്തമ ഉദാഹരണമാണ് വഞ്ചിന്താനത്ത് കുടുംബാംഗങ്ങൾ സമൂഹത്തിനു നൽകുന്ന സന്ദേശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K