12 March, 2020 11:04:23 AM


മോശം ഭക്ഷണം, വൃത്തിയില്ലായ്മ: ഏറ്റുമാനൂരിലെ ഹോട്ടലുകള്‍ക്ക് എതിരെ പരാതി വ്യാപകം

- എം.പി.തോമസ്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരത്തിലെ ഭക്ഷണശാലകള്‍ക്കെതിരെ വ്യാപകമായ രീതിയില്‍ പരാതി ഉയരുന്നു. വൃത്തിയില്ലായ്മയോടൊപ്പം മോശം ഭക്ഷണം വിളമ്പുന്ന നടപടികള്‍ക്കെതിരെ അധികൃതര്‍ മൌനം പാലിക്കുന്നുവെന്നും ആരോപണമുയര്‍ന്നു. ഹോട്ടലുടമയുടെയും ജീവനക്കാരുടെയും ഭീഷണിയും മോശമായ പെരുമാറ്റവും ഭയന്ന് ഭക്ഷണത്തെകുറിച്ച് പരാതി പറയാന്‍ ആരും തയ്യാറാകുന്നില്ല എന്നതും മറുവശം. 


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തോട് ചേര്‍ന്ന് പടിഞ്ഞാറെനടയിലുള്ള ഹോട്ടലില്‍ ഭക്ഷണത്തോടൊപ്പം നല്‍കിയ കുടിവെള്ളം മോശമായതിനെ തുടര്‍ന്ന് ഉപഭോക്താവ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി നല്‍കിയ  പരാതിയിലാണ് ഭക്ഷണത്തിന്‍റെ കാര്യത്തില്‍ അവസാനം നഗരസഭാ അധികൃതര്‍ ഇടപെട്ടത്. പടിഞ്ഞാറെനടയിലെ ഈ ഹോട്ടലിനും മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ തവളക്കുഴിയിലെ ഒരു ഹോട്ടലിനും നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നാണ് നഗരസഭാ ആരോഗ്യവിഭാഗം അദികൃതര്‍ പറയുന്നത്. 


ഇതിനിടെയാണ് ബുധനാഴ്ച ഏറ്റുമാനൂര്‍ വിമല ആശുപ്ത്രിയ്ക്ക് എതിര്‍വശത്തുള്ള ഹോട്ടലില്‍ മോശം ഭക്ഷണം വിളമ്പിയത് ആരോപണവിധേയമായത്. ഊണിനും ഫ്രൈഡ് റൈസിനും ഒപ്പം നൽകിയ ദുര്‍ഗന്ധം വമിച്ച ചില്ലിച്ചിക്കൻ കറിയിൽ നിന്നും മലിന ജലം ഒഴുകിയിറങ്ങിയത് ചൂണ്ടികാട്ടിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ മോശമായി പെരുമാറിയെങ്കിലും പിന്നീട് പരാതി ഒതുക്കിത്തീർക്കാനായി ബില്ലിൽ നിന്നും ചില്ലിച്ചിക്കന്‍റെ തുക കുറച്ചു നൽകി പ്രശ്‌നം പരിഹരിച്ചു.


സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട ആമ്പല്ലൂർ സ്വദേശികളായ കുടുംബം ഓര്‍ഡര്‍ ചെയ്ത ചില്ലി ചിക്കന്‍ കറിയിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടത് ശ്രദ്ധയില്‍പെടുത്തിയ വനിതകളോട് ജീവനക്കാർ കയർക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനിടെ 8 വയസുള്ള കുട്ടി ഭക്ഷണം കഴിച്ചതിനെതുടര്‍ന്ന് ഛർദ്ദിക്കുകയും ചെയ്തുവത്രേ.  പ്രശ്നം ഒതുക്കിതീര്‍ത്തതിനാല്‍ ഹോട്ടലിനെതിരെ രേഖാമൂലം പരാതി നല്‍കാന്‍  ഇവര്‍ തയ്യാറായില്ല. പരാതി ഇല്ലാതെയോ മോശം ഭക്ഷണം പിടിച്ചെടുക്കാതെയോ ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞത്. 



ഒന്നര വര്‍ഷം മുമ്പ് ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് മുന്നോടിയായി നടന്ന മിന്നല്‍പരിശോധന അല്ലാതെ നഗരസഭാ ആരോഗ്യവിഭാഗം പിന്നീട് ഹോട്ടലുകളില്‍ പരിശോധന നടത്തിയിട്ടില്ല എന്നതാണ് വസ്തുത. ഇതിന്‍റെ മറ പിടിച്ചാണ് ഹോട്ടലുകളില്‍ മോശം ഭക്ഷണം വിളമ്പുന്നത്. 2018 ഒക്ടോബറില്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടന്ന മിന്നല്‍പരിശോധനയില്‍ 14 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിടിച്ചെടുത്ത ഭക്ഷണം കൂടുതല്‍ പരിശോധനയ്ക്ക് അയച്ചില്ല.  കാര്യമായ ഒരു നടപടിയും പിന്നീട് ഉണ്ടായുമില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K