09 April, 2020 05:03:52 PM


കൊറോണ ജാഗ്രതയുടെ ഒരു മാസം; കോട്ടയത്ത് ആശുപത്രി നിരീക്ഷണത്തില്‍ ആരുമില്ല



കോട്ടയം: കൊറോണ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ കോട്ടയം ജില്ലയില്‍ ആശുപത്രി നിരീക്ഷണത്തില്‍ ആരും ശേഷിക്കുന്നില്ല. ഏറ്റവുമൊടുവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നു പേരെ ഇന്നലെ(ഏപ്രില്‍ 9) ഡിസ്ചാര്‍ജ്ജ് ചെയ്തു. 


രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിയായ 84 കാരനും ഇടുക്കി സ്വദേശികളായ രണ്ടുപേരുമാണ്  സാമ്പിള്‍ പരിശോധന നെഗറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടത്. ഇവര്‍ ഹോം ക്വാറന്‍റയിനില്‍ തുടരും.
പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചവരെ  വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന ചെങ്ങളം സ്വദേശി റോബിനും ഭാര്യ റീനയും ഇവരുടെ കുട്ടിയും മാര്‍ച്ച് എട്ടിനാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇവരുടെ ബന്ധുക്കളായ 93കാരന്‍ തോമസിനെയും 88കാരിയായ  ഭാര്യ മറിയാമ്മയെയും രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയ്ക്കായി മാര്‍ച്ച് ഒന്‍പതിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.


റോബിനും റീനയും വൈറസ് ബാധിതരാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് പത്താം തീയതി എത്തിയതോടെ കോട്ടയം സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ ജില്ലയായി. ഇവരുടെ കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 
രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനും രോഗ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തിലുള്ള സംവിധാനങ്ങളാണ് മാര്‍ച്ച് രണ്ടാം വാരത്തില്‍ കോട്ടയം ജില്ലയില്‍ ഒരുക്കിയത്. ജില്ലാ കളക്ടര്‍ മുതല്‍ ആരോഗ്യ വകുപ്പിന്‍റെ ഗ്രാമീണ മേഖലയിലുള്ള ജീവനക്കാര്‍വരെ  രാപ്പകല്‍ ഭേദമെന്യേ നടത്തിയ പ്രവര്‍ത്തനങ്ങള്‍  ജില്ലയില്‍ വൈറസ് ഭീതി അകറ്റുന്നതിന് സഹായകമായി. 


മെഡിക്കല്‍ കോളേജിനു പുറമെ ജനറല്‍ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. അവശ്യ ഘട്ടത്തില്‍ ജില്ലയിലെ മറ്റ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും കൊറോണ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.  
രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളുടെ ഹോം ക്വാറന്‍റയിന്‍ ഉറപ്പാക്കുന്നതിനും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രി നിരീക്ഷണത്തിലാക്കുന്നതിനും സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിച്ചു. 


തോമസിനെയും മറിയാമ്മയെയും പരിചരിച്ചിരുന്ന നഴ്സ് രേഷ്മ മോഹന്‍ദാസിന് മാര്‍ച്ച് 23ന്  രോഗം സ്ഥിരീകരിച്ചെങ്കിലും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രേഷ്മയുടെ നിശ്ചയദാര്‍ഢ്യം സഹപ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം പകരുന്നതായിരുന്നു. ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് രേഷ്മയും  വൈകുന്നേരം തോമസും മറിയാമ്മയും ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടതോടെ കോട്ടയം സ്ഥിരീകരിച്ച കോവിഡ് കേസുകളില്ലാത്ത ഏക ജില്ലയായി. 


രേഷ്മയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ സഹപ്രവര്‍ത്തകരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഇവരെയും ഡിസ്ചാര്‍ജ്ജ് ചെയ്തു. ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ കോട്ടയത്തെ പ്രൈമറി കോണ്‍ടാക്ടുകളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ക്കും രോഗമില്ലെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.


ആരോഗ്യ പ്രവര്‍ത്തകരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും പൊതുജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ജില്ലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തമായി നിലനിര്‍ത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ജാഗ്രത തുടരാനും നിയന്ത്രണങ്ങള്‍ പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K