10 April, 2020 05:47:31 PM


ഭക്ഷണത്തിന് വഴിയടഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിയെത്തി, ദൈവദൂതനായി; നന്ദി പറഞ്ഞ് മലയാളി യുവാക്കൾ

- നൗഷാദ് വെംബ്ലി




മുണ്ടക്കയം: കോവിഡ് 19 രോഗവ്യാപനത്തിലും പ്രതിരോധത്തിനായി ആരംഭിച്ച ലോക് ഡൗണിലും ആശങ്കയിലായ മലയാളി യുവാക്കൾക്ക് ദൈവദൂതനായി  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാംഗ്ലൂരില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മുണ്ടക്കയം കോരുത്തോട് മടുങ്കാക്കല്‍ ജോര്‍ജ് സിറിയിക്ക് (27), കണ്ണുര്‍ സ്വദേശിയായ സുഹൃത്ത് ജോബിൻ ജോസഫ് (26) എന്നിവരാണ് ഉമ്മന്‍ചാണ്ടിയുടെ കരുതല്‍ അനുഭവിച്ചറിഞ്ഞത്.  


എട്ടു വര്‍ഷമായി ബാംഗ്ലൂര്‍ കെആര്‍ പുരത്താണ് ഇവര്‍ താമസിക്കുന്നത്. ജോലി തിരക്ക് മൂലം ഹോട്ടലില്‍ നിന്നുമായിരുന്നു ഭക്ഷണം. ലോക്ക് ഡൗണ്‍ മൂലം ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതുമൂലം തനിയെ ഭക്ഷണം പാചകം ചെയ്യാന്‍ തീരുമാനിച്ചു. അതിനായി വിപണിയിൽ നിന്നും മൂന്നു കിലോഗ്രാമിന്‍റെ പാചക വാതക സിലിണ്ടറും പാകം ചെയ്യാൻ സ്റ്റൗവും വാങ്ങി. കൂടാതെ കേടുവരാത്ത ഭക്ഷണ  സാധനങ്ങളും വാങ്ങി സൂക്ഷിച്ചു. ലോക് ഡൗൺ മുന്നോട്ടു നീങ്ങിയതോടെ പാചക വാതക സിലിണ്ടർ കാലിയാവുമെന്ന അവസ്ഥയിലായി. ഒപ്പം അരിയടക്കമുള്ള അവശ്യവസ്തുക്കളും തീര്‍ന്നു.


ഇതിനിടെയാണ് ജയ് ഹിന്ദ് ടി.വി.യിൽ  മുന്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയുടെ  ലൈവ് ഷോയുടെ കാര്യം സോഷ്യല്‍ മീഡിയായിലൂടെ ജോര്‍ജ് അറിഞ്ഞത്. കാര്യം നടന്നാലും ഇല്ലെങ്കിലും ഷോയില്‍ പങ്കെടുക്കാൻ തീരുമാനിച്ചു. ഷോയിൽ പങ്കെടുത്ത ജോർജ്  പ്രശ്‌നം ഉമ്മൻ ചാണ്ടിയ്‌ക്കു മുന്നിൽ അവതരിപ്പിച്ചു. ഉടന്‍ പരിഹരിക്കാമെന്നായിരുന്നു  ഉമ്മൻ ചാണ്ടിയുടെ മറുപടി. ഷോയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി വീണ്ടും ജോർജിനെ വിളിച്ചു കാര്യങ്ങൾ വിശദമായി ചോദിച്ചു. ഒപ്പം ആശ്വാസ വാക്കുകളും.  


കഴിഞ്ഞ ദിവസം ജോർജിന്  വീണ്ടും വിളിയെത്തി. ഇക്കുറി  കര്‍ണാടക സ്വദേശിയായിരുന്നു മറുവശത്ത്. താമസ സ്ഥലവും മറ്റും ചോദിച്ചറിഞ്ഞു. ബുധനാഴ്ച  ഉച്ചയോടെ പാചക വാതക സിലിണ്ടറും ആവശ്യത്തിന് ഭക്ഷണസാധനങ്ങളും ഇവര്‍ താമസിക്കുന്നതിടത്ത് എത്തിച്ച് നല്‍കി. സാധനം എത്തിച്ചു നൽകിയവർക്കു നന്ദി പറഞ്ഞു പിരിഞ്ഞതോടെ  വീണ്ടും ഇവരെ തേടി  ഉമ്മന്‍ ചാണ്ടിയുടെ ഫോൺ വിളിയെത്തി. ആശങ്കവേണ്ടെന്നും, സഹായത്തിനായി എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.  ടി വി യിലും പത്രത്തിലും മാത്രം കണ്ടിട്ടുള്ള ഉമ്മന്‍ ചാണ്ടി നേരിട്ട് വിളിച്ച്  തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയത് സ്വപ്നമായി തോന്നുന്നുവെന്നും 'ഉമ്മൻ ചാണ്ടി സാറിനെ' ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലന്നും ജോർജ്  പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K