10 April, 2020 08:56:10 PM


ദുഖവെള്ളിദിനത്തില്‍ കൊറോണാ പ്രതിരോധ പ്രവര്‍ത്തനവുമായി യുവകര്‍ഷകന്‍



ഏറ്റുമാനൂര്‍: യേശുക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ദുഖവെള്ളി ആചരിക്കുന്ന ദിനം കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിനായി മാറ്റിവെച്ച് യുവകര്‍ഷകന്‍. ഏറ്റുമാനൂര്‍ നഗരത്തിലെ പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കികൊണ്ടാണ് പേരൂര്‍ പെരുമാലില്‍ മോന്‍സി പി തോമസ് ദുഖവെള്ളി ആചരിച്ചത്. പാടത്ത് മരുന്ന് അടിക്കാനായി വാങ്ങിയ  വലിയ പമ്പുമായി അതിരാവിലെ ഏറ്റുമാനൂരിലെത്തിയ  മോന്‍സി ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്‍ററിലാണ് എത്തിയത്. ആശുപത്രിയിലും പരിസരങ്ങളിലും മരുന്ന് സ്പ്രേ ചെയ്ത ശേഷം നേരെ എത്തിയത് പോലീസ് സ്റ്റേഷനില്‍. സ്റ്റേഷനുള്ളിലെ മുറികളിലും പ്രതികള്‍ക്കായുള്ള സെല്ലിലും പരിസരങ്ങളിലും എന്നുമാത്രമല്ല പോലീസ് വാഹനങ്ങളില്‍ വരെ ക്ലോറിനേഷന്‍ നടത്തിയാണ് മോന്‍സി പിന്‍വാങ്ങിയത്. 


തുടര്‍ന്ന് സ്വകാര്യ ബസ് സ്റ്റാന്‍റ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ്, നഗരസഭാ കാര്യാലയം, മാര്‍ക്കറ്റ് എന്നിവിടങ്ങളിലും മോന്‍സി അണുനശീകരണം നടത്തി. പ്രധാനമന്ത്രി കോവിഡിനെതിരെ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ച ദിവസവും മോന്‍സി ഇതേ പ്രവര്‍ത്തനവുമായി രംഗത്തെത്തിയിരുന്നു. അന്ന് രാവിലെ ടിവിയില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കെയാണ് കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി പൊതുസ്ഥലങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അണുവിമുക്തമാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത് മോന്‍സിയുടെ ശ്രദ്ധയില്‍പെട്ടത്. ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ മോന്‍സി ഉടനെ നഗരസഭാ ചെയര്‍മാനെ വിളിച്ച് താന്‍ ഈ സേവനം സൌജന്യമായി ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചു.



ജനതാ കര്‍ഫ്യു ദിനത്തില്‍ മോന്‍സിക്ക് പിന്തുണയുമായി അന്നത്തെ നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടും സ്റ്റേഷന്‍ ഹൌസ് ഓഫീസറായിരുന്ന എ.ജെ.തോമസും രംഗത്തെത്തിയിരുന്നു. പൊതുജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒരിക്കല്‍ കൂടി അണുനശീകരണം ചെയ്യുന്നതിനെപറ്റി നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസും എഎംഓ ഡോ.സജിത്കുമാറും സംസാരിച്ചപ്പോള്‍ സൌജന്യമായി താന്‍ ചെയ്തുകൊള്ളാമെന്ന് മോന്‍സി പറയുകയായിരുന്നു. ലോകജനത മുഴുവന്‍ കോവിഡ് എന്ന മഹാമാരിക്കുമുന്നില്‍ പകച്ചുനില്‍ക്കുന്ന വേളയില്‍ ദുഖവെള്ളി തന്നെ തന്‍റെ സേവനത്തിനു മോന്‍സി തെരഞ്ഞെടുത്തതും പ്രതീകാത്മകമായി മാറി.


നഗരത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങുമ്പോഴാണ് ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മോന്‍സിയെ സമീപിച്ചത്. നഗരത്തിലെ പ്രധാന വീഥികളായ എം.സി.റോഡ്, ടെമ്പിള്‍ റോഡ്, വില്ലേജ് ഓഫീസ് റോഡ്, വികെബി റോഡ് എന്നിവിടങ്ങളിലും പ്രദേശത്തെ ഭവനങ്ങളിലും അസോസിയേഷന്‍റെ മേല്‍നോട്ടത്തില്‍ അണുനശീകരണം നടത്തി.


നഗരസഭയില്‍ ദുരന്തനിവാരണസേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ഇത്തരം പ്രവര്‍ത്തനങ്ങളിലേക്കിറങ്ങാന്‍ ആരും ഇതുവരെ തയ്യാറായിട്ടുമില്ല.  ഈ സാഹചര്യത്തിലാണ് ഒട്ടനവധി പേര്‍ കയറിയിറങ്ങുന്ന നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങള്‍ പ്രതിഫലം കൂടാതെ ശുചീകരിക്കാന്‍ മോന്‍സി തയ്യാറായത്.  പ്രളയം ദുരന്തം വിതച്ച രണ്ട് വര്‍ഷവും നാട്ടുകാര്‍ക്ക് കൈതാങ്ങായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍  മുന്‍പന്തിയിലുണ്ടായിരുന്നു  മോന്‍സി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K