17 April, 2020 02:20:30 PM


'പ്രിയപ്പെട്ട ഹെർക്കുലീസേ, നീയെവിടെ...?' ; ജയകുമാർ സാർ കാത്തിരിക്കുന്നു

- സുനിൽ പാലാ



പാലാ: 'പ്രിയപ്പെട്ട ഹെർക്കുലീസേ, നീയെവിടെ...?' നനവൂറും മിഴികളുമായി പഴയ അധ്യാപകൻ ജയകുമാർ സാർ കാത്തിരിക്കുകയാണ്. എം.ജി.യൂണിവേഴ്സിറ്റി റിട്ട. അസി. രജിസ്ട്രാറും പ്രമുഖ സാഹിത്യകാരനുമായ  പ്രൊഫ. എലിക്കുളം ജയകുമാർ (ഇപ്പോൾ പുതുവേലി കോളജ് അധ്യാപകൻ)  അധ്യാപക പരിശീലന ഭാഗമായുള്ള ആദ്യ ക്ലാസ്സിലെ ശിഷ്യമുഖം തിരയുകയാണ്. ഒരു കഥ പോലെ കൊരുത്ത സ്മരണാ മാല്യവുമായി ജയകുമാർ അയച്ച സന്ദേശത്തിൽ പറയുന്നു, ഇതു  നീ വായിച്ചാൽ, അല്ലെങ്കിൽ  ആരെങ്കിലും പറഞ്ഞു കേട്ടെങ്കിലും അറിഞ്ഞാൽ നീ ഒന്നു വിളിക്കണം..... നമ്പർ 9495 716677.


ജയകുമാർ ഇന്ന് ലേഖകന് അയച്ച മൂന്നു പതിറ്റാണ്ടു മുമ്പത്തെ സ്മരണാക്ഷരങ്ങളാണ് ചുവടെ.


''1989 സെപ്തംബർ മാസത്തിലെ ഒരു ദിനം ഓർമയിൽ ചിലപ്പോഴൊക്കെ എന്നെ പിൻതുടരാറുണ്ട്.ആർദ്രമായ മിഴിയോടെ ഒരാൺകുട്ടി എൻ്റെ ഓർമയുടെ സ്വകാര്യതകളിലെവിടെയോ ചില നോവുണർത്തിപ്പോകാറുണ്ട്. 


ഒരദ്ധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ കിടങ്ങൂർ ഹൈസ്കൂളിൽ ടീച്ചിംഗ്‌ പ്രാക്ടീസിന് ചെന്ന ആദ്യ ദിവസം. എന്നെ ഒൻപതാം ക്ലാസിലെ സോഷ്യൽ സ്റ്റഡീസ് പീരിയഡ് ഏൽപ്പിച്ചു.വിജയശ്രീലാളിതനായി ഞാൻ എൻ്റെ സഹപ്രവർത്തകരുടെ മുൻപിൽ തലയെടുപ്പോടെ നിന്നു.9-ാം ക്ലാസ് കിട്ടുന്നത് ഒരു ഗമയായിരുന്നു കെട്ടോ. ബി.എഡ് വിദ്യാർത്ഥികളുടെ പരീക്ഷണ കാലഘട്ടം. പലരും പരിക്ഷീണിതരാകുന്ന സമയം. എല്ലാ തയ്യാറെടുപ്പുകളും തകൃതിയിൽ തീർക്കും. കുട്ടിസാറന്മാരായി കുട്ടികളുടെ മുൻപിലേയ്‌ക്ക്. ഇടയ്‌ക്ക് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും ഇൻസ്പെക്ഷനു വരും അതിനുള്ള കരുതലും ഓരോ വിദ്യാർത്ഥികളും ഒളിച്ചും തെളിച്ചും നേടിയിരിക്കും.


ഞാൻ ക്ലാസിൽ പോകാൻ തയ്യാറായി. മനസിൽ ഒരു കുട്ടി സാറായി ധൈര്യം സംഭരിച്ചു. ഇടിവെട്ടു പോലെ എൻ്റെ ക്ലാസ് ടീച്ചറിൻ്റെ ഒരു ശാസന സർപ്പം കണക്കെ എൻ്റെ മനസിൽ പുളഞ്ഞു പത്തി വിടർത്തി. ടീച്ചിംഗ് എയിഡുമായിട്ടേ നിങ്ങൾ ക്ലാസിൽ പോകാവുചാർട്ട് മാത്രം പോരാ. എൻ്റെ കയ്യിൽ ഉലക്ക വലുപ്പത്തിൽ ചുരുട്ടിയ രണ്ടു ചാർട്ട്.പോക്കറ്റിൽ സ്വന്തം ചിലവിൽ വാങ്ങിയ കളർ ചോക്കുകൾ. സ്വന്തം ചില വെന്നു പറയാൻ കാരണം എൻ്റെ ക്ലാസിലെ മടിയനും മടിച്ചികളുമായ ചിലർക്ക് ചാർട്ട് എഴുതിക്കൊടുത്ത് ഞാൻ കാശ് മേടിക്കാറുണ്ടായിരുന്നു.എൻ്റെ പഠന പങ്കപ്പാടുകളെ ഞാൻ അങ്ങനെ ലഘൂകരിക്കുമായിരുന്നു. ഞാൻ പറഞ്ഞു വന്നത് ടീച്ചിംഗ് എയിഡിൻ്റെ കാര്യമാണ്. എനിക്ക് കിട്ടിയത് വൻകരകളെ കുറിച്ചു പഠിപ്പിക്കാനായിരുന്നു. പെട്ടെന്ന് ഒരു ഐഡിയ കിട്ടി .ഗ്ലോബു കൂടി കൊണ്ടു പോകാം. ഞാൻ സ്റ്റാഫ് റൂമിൽ കയറി ഇരുത്തംവന്ന ഒരദ്ധ്യാപകൻ്റെ മട്ടിൽ അവിടെ ഇരുന്നതഴക്കം വന്ന അദ്ധ്യാപക പ്രഭുക്കളോട് ചോദിച്ചു: സാറെ ഇവിടെ ഗ്ലോബു ഉണ്ടോ? ആയ്... അലമാരിയ്ക്കു്. പ്.. റ്..കിലെ... മേശേ... നോക്ക്... പിന്നെ ഒരു കുണക്കവും ഇളക്കവും. അസൽ പെണ്ണിഷ് ആയ ഒരു വാധ്യാർ. ഒരറപ്പും വെറുപ്പം ഓക്കാനം പോലെ എൻ്റെ അടിവയറ്റീന്ന് ഉരുണ്ടു കേറി......യുറീക്ക! ഒടുവിൽ ഞാൻ ഗ്ലോബു കണ്ടു പിടിച്ചു.!


രണ്ടാം പീരിയഡിൻ്റെ കിലുക്കം കാതിലലച്ചു. ഗ്ലോബും പാഠപുസ്തകം ഉലക്കപ്പരുവം ചാർട്ടും കളർ ചോക്കമായി ഞാനെന്ന കന്നി വാധ്യാർ പരീക്ഷകൻ ക്ലാസിലേക്ക്. ക്ലാസിൽ എത്തിയതേ സൈറൺ കണക്കെ നിർത്താത്ത ഒരലർച്ച! ഗുഡ് മോണിംഗ് സാർർ ർ ർ ർ.. ർ ർ ർ. കേട്ടതേ എൻ്റെ വക തിരിച്ചു ഗുഡ് മോണിംഗ്. ഞാൻ എന്ന അധ്യാപക ചുമടുതാങ്ങി കക്ഷത്തിലിടുക്കിയ പുസ്തകം മേശയിലിട്ടു.രണ്ടാമത് ഉലക്കപ്പരുവം ചാർട്ട് ഇട്ടു.മൂന്നാമത് ഗ്ലോബുവയ്ക്കാൻ തുടങ്ങുമ്പോൾ പുറകിലത്തെ ബഞ്ചിൽ നിന്ന് ഒരു ശബ്ദം.എടാ അറ്റല്സിനെ കണ്ടിട്ടുണ്ടോ? പിന്നീട് ഒരു കൂട്ടച്ചിരി ക്ലാസിൽ മുഴങ്ങി.ഞാൻ ഗ്ലോബിറക്കി. കാറ്റുപോയ ബലൂൺ പോലായ ഞാൻ ആഞ്ഞു ശ്വാസമെടുത്തു സ്വയം വീർപ്പിച്ചു. വരണ്ട ചുണ്ടുകളെ നക്കി നനച്ചു. ആവുന്നത്ര ഉച്ചത്തിൽ ചോദിച്ചു. ആരെടെ ആ പറഞ്ഞേ..? ക്ലാസ് സൈലൻ്റായി. 


ഏതാണ്ട് എൻ്റെ വലുപ്പത്തിൽ ഒരുത്തൻ എഴുന്നേറ്റു നിന്നു. അവൻ്റെ മുഖത്ത് നേരിയ ഭയത്തിൻ്റെ മിന്നലാട്ടം .ഗൗരവം വിടാതെ ഞാൻ ചോദിച്ചു.നീയെന്നാ ഹെർക്കുലീസാണോ? ക്ലാസിൽ കൂട്ടച്ചിരി. അവൻ്റെ മുഖത്ത് ഒരു ജാള്യത .ഞാൻ പഠിപ്പിക്കാൻ കരുതിയ പലതും ആവിയായി.


ക്ലാസ് നീണ്ട രണ്ടു ബല്ലിൽ അവസാനിച്ചു. ഞാൻ എൻ്റെ ഉപകരണങ്ങൾ ഓരോന്നായി ക്ലാസിൽ നിന്നും മാറ്റാൻ തുടങ്ങുമ്പോൾ അതാ അവൻ വീണ്ടു.. സർ ഇന്നാ ഒരു സാധനം. അവൻ എൻ്റെ കൈയ്യിലേയ്ക്കു മൂന്നു നെല്ലിക്ക ആരും കാണാതെ തന്നു. ഞാനതു വാങ്ങി. ക്ലാസിൽ കൂട്ടച്ചിരി വീണ്ടും മുഴങ്ങി.

     

പിറ്റേന്ന് ഞാൻ ക്ലാസിൽ ചെന്നു.ആദ്യം തന്നെ ഞാൻ ഹെർക്കുലീ സേ നീയിങ്ങു വന്നേ എന്നു വിളിച്ചു.അവാർഡ് ജേതാവിനെപ്പോലെ അവൻ എൻ്റെടുത്തുവന്നു. അവൻ്റെ കൈയ്യിൽ ഞാൻ മൂന്നു നെല്ലിക്കാക്കുരു കൊടുത്തു. നെല്ലിക്കാ ഞാൻ തിന്നു. കുരു നിനക്കിരിക്കട്ടെ എന്ന് ഉറക്കെപ്പറഞ്ഞു. അവൻ ചമ്പി. ക്ലാസിൽ കൂട്ടച്ചിരി. ഒരു മാസം കഴിഞ്ഞു. ഞങ്ങളുടെ ക്ലാസു കഴിഞ്ഞു. അവൻ ഒരുമാസം മുഴുവനും ഉഴപ്പി. അല്ലങ്കിൽ വികൃതി കാട്ടി ഷൈൻ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഞാൻ പലപ്പോഴും ഉപദേശിച്ചുകൊണ്ടിരുന്നു. അവസാന ദിവസം പോന്നപ്പോൾ അവൻ വന്നില്ലായിരുന്നു.


നാളുകൾ കഴിഞ്ഞു. എനിക്ക് യൂണിവേഴ്സിറ്റിയിൽ ജോലിയായി.ഒരു ദിവസം ഞാൻ ഏറ്റുമാന്നൂർ നിന്ന് ബസിൽ കയറി. കിളി ചിലച്ചു കൊണ്ടേയിരിക്കുന്നു. അത്... രം.. മ്പുഴ.., മാന്നാ .. ..നം. മെടിക്കൽ:..... കോളേയ്.. കിളി ശബ്ദം എനിക്കരോചകമായി. ഞാൻ കിളിയെ അല്പം വെറുപ്പോടെ നോക്കി. ആ തടിയൻ എന്നെ സൂക്ഷിച്ചു നോക്കി. അടുത്ത സ്റ്റോപ്പിൽ കിളി മുൻവാതിക്കലേയ്ക്കു പറന്നു. കണ്ടക്ടറുമായി എന്തൊക്കയോ പിറുപിറുത്തു. എന്നെ തുരുതുരാ നോക്കുന്നു . ഞാൻ എൻ്റെ നോട്ടം പറിച്ചെടുത്തു പുറത്തേയ്ക്കു വിട്ടു. ഞാൻ യൂണിവേഴ്സിറ്റിയിൽ ഇറങ്ങി'. കിളി കൂടെ പറന്നിറങ്ങി. എൻ്റെ അടുത്തുവന്നു. ഒരു ചെറു ചിരിയിട്ടു . സാറേ.... എന്നെ ഓർക്കുന്നുണ്ടോ? ഞാൻ അവനെ ഫളാഷ് ബാക്കിൽ പരതി. അവൻ തന്നെ ജയിച്ചു. സാർ കിടങ്ങൂർ സ്കൂളിൽ എന്നെ പഠിപ്പിച്ചതാ. എന്നെ ഹെർക്കുലീസ് എന്നു വിളിച്ചില്ലേ. എന്നെ വട്ടപ്പേര് ഇപ്പഴും ഹെർക്കുലീസ് എന്നാ .സാറാ ആ പേരിട്ടു തന്നത്. അവനു ചിരി വന്നു. എനിക്ക് അവനോട് ഒരു വാത്സല്യം തോന്നി. സാറിനെ കണ്ടതുകൊണ്ടു ഞാനിറങ്ങിയതാ. അവൻ്റെ മുഖഭാവത്തിനു ഒരു മാറ്റം വന്നു തുടങ്ങി.തടിയൻ അടിയ്ക്കാനുള്ള പുറപ്പാടാണോ ഈശ്വരാ. എൻ്റെ പെരുവിരലിൽ നിന്നൊരാന്തൻ. പെട്ടെന്നവൻ പറഞ്ഞു '. അവസാന ദിവസം എനിക്കു വരാൻ പറ്റിയില്ല. എനിക്ക് സാറിനോട് ക്ഷമ പറയണം. എന്നോടു ക്ഷമിക്കണം. നനവൂറും മിഴികളുമായി അവൻ എൻ്റെ മുൻപിൽ ഒരു തേങ്ങലോടെ നിന്നു. എൻ്റെ കണ്ണിലും നീരുറവ പൊട്ടി. അവൻ്റെ പിടിച്ചു ഞാൻ പറഞ്ഞു. നീ വാതിക്കൽ ഇത്രകാലം നിന്നില്ലെ, ഇനി വളയം പിടിക്കാൻ തയ്യാറ്റടുക്കു.കണ്ണീർ തുടച്ചാ തടിയൻ പറഞ്ഞതിപ്പഴും എൻ്റെ മനസ്സിലുണ്ട്. സാറു പറയുന്നതുപോലെ ഞാൻ ആകും.

..........ശുഭം..............

പ്രൊഫ. എലിക്കുളം ജയകുമാർ ''



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K