18 April, 2020 08:58:38 PM


ഡോ.പ്രമീളാദേവി ഇടപെട്ടു; മാനസിക ബുദ്ധിമുട്ടുളള കുട്ടിയ്ക്ക് പുതുജീവൻ ലഭിച്ചു

- സുനിൽ പാലാ



പാലാ:  മാനസിക ബുദ്ധിമുട്ടുള്ള ആൺകുട്ടിയ്ക്ക് പുതുജീവനേകി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജെ.പ്രമീളാദേവി. വെളളിലാപ്പള്ളി കോളനിയിൽ താമസിക്കുന്ന മറ്റക്കാട്ട് ബിജുവിന്റെ ദുരിത ജീവിതത്തിലേയ്ക്കാണ് നമ്നയുടെ പ്രകാശം വിതറി അവര്‍ കടന്നുചെന്നത്. രാമപുരം പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് മുഖേനയാണ് ബിജുവിനെക്കുറിച്ചും ഒപ്പം താമസിക്കുന്ന മകനെകുറിച്ചും പ്രമീളാദേവി അറിയുന്നത്. ബിജുവിന്‍റെ വെള്ളിലാപ്പിള്ളിയിലെ വീട്ടിൽ എത്തിയ അവര്‍ മകനെ പാലാ മരിയസദനത്തിലെത്തിച്ചു.


പാർക്കിൻസൺ രോഗവും മാനസികാസ്വാസ്ഥ്യവുമുള്ളയാളാണ് ബിജു. കുളിച്ചിട്ട് തന്നെ  മാസങ്ങളായി.കൈയുടെ വിറയൽ കാരണം സ്വന്തമായി മുണ്ടുടുക്കാൻ പോലും കഴിയുമായിരുന്നില്ല. ഏതാനും വർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയി. മൂന്ന് മക്കൾ. മൂത്ത രണ്ട് പെൺകുട്ടികൾ അനാഥാലയത്തിൽ. 12 കാരനായ ഇളയ കുട്ടിയാണ് കൂടെയുണ്ടായിരുന്നത്. ഭിക്ഷ യാചിച്ചും അയൽക്കാരുടെ കാരുണ്യം  കൊണ്ടുമാണ് ഇവർ പട്ടിണി മാറ്റിയിരുന്നത്.  



രാമപുരം പഞ്ചായത്ത് മെമ്പർ ഷൈനി സന്തോഷ് മുൻകൈയെടുത്ത് ഇപ്പോൾ പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയിൽ നിന്ന് ഭക്ഷണം എത്തിക്കുന്നുണ്ട്. ഷൈനി സന്തോഷ് പറഞ്ഞ് വിവരമറിഞ്ഞാണ് പോലീസുകാരനായ  പ്രശാന്ത് കുമാറും വനിത ബീറ്റ് ഓഫീസർ തങ്കമ്മയും ബിജുവിന്റെ വീട്ടിലെത്തിയത്. പരിക്ഷീണിതനായി കിടന്ന ബിജുവിന്റെ മുടി വെട്ടി കുളിപ്പിച്ചു. മാനസികനില തെറ്റിയ മകനെയും കുളിപ്പിച്ചു. ഭക്ഷണം നൽകുകയും ചെയ്തു. കോവിഡ് കാലത്തെ രാമപുരം ജനമൈത്രി പോലീസിന്‍റെ ഈ കാരുണ്യ പ്രവർത്തി അറിഞ്ഞാണ്  പ്രമീളാദേവി എത്തിയത്. 


പോലീസ് ബീറ്റ് ഓഫീസർ പ്രശാന്ത് കുമാറിനെ പ്രമീളാദേവി പൊന്നാട അണിയിച്ച് ആദരിച്ചു. ഇതിനിടെയാണ് ബിജുവിന്റെ ദുരിത ജീവിതത്തേക്കുറിച്ച് പ്രമീളാദേവിയും കൂടെയുണ്ടായിരുന്നവരും കൂടുതല്‍ അറിയുന്നത്. അധികമാരും അറിയാത്ത ആ ദുരന്തകഥ പോലീസുകാരനായ പ്രശാന്ത് തന്നെയാണ് വിവരിച്ചത്. ബിജുവിന്റെയും കുടുംബത്തിന്റെയും കഥ കേട്ട പ്രമീളാദേവി  കൂടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകരെയും കൂട്ടി  വെള്ളിലാപ്പള്ളി കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തി.


മാനസിക ബുദ്ധിമുട്ടു  പ്രകടിപ്പിച്ചു തുടങ്ങിയ കുട്ടിയെ ആദ്യം രക്ഷിക്കുക എന്ന് ഇവർ  തീരുമാനിക്കുകയായിരുന്നു. മനോവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്ന പാലാ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫുമായി സംസാരിച്ച പ്രമീളാദേവി കുട്ടിയെ മരിയസദനത്തിൽ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു. ബിജുവിന്റെ ചികിത്സാ കാര്യങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി ഭാരവാഹികൾക്ക് നിർദ്ദേശവും നൽകി. ബി.ജെ.പി. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത് മീനാ ഭവൻ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ജയൻ കരുണാകരൻ, സുനിൽ കിഴക്കേക്കര, പഞ്ചായത്ത് അംഗം എം.ഒ. ശ്രീക്കുട്ടൻ, സുനീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K