18 April, 2020 11:46:17 PM


കോട്ടയം ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന ജാഗ്രത; 14 കേന്ദ്രങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍



കോട്ടയം: ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കുന്ന സാഹചര്യത്തില്‍ അന്തര്‍ ജില്ലാ യാത്രകള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്നതിനായി ജില്ലയുടെ അതിര്‍ത്തികളില്‍ ജില്ലാ ഭരണകൂടം മുഴുവന്‍ സമയ ജാഗ്രതാ സംവിധാനം ഏര്‍പ്പെടുത്തും. ഇതിന്‍റെ ഭാഗമായി ജില്ലയില്‍ 14 കേന്ദ്രങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവായി. കാനന പാതകളിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും ജില്ലയിലേക്കും ജില്ലയില്‍നിന്ന് പുറത്തേക്കും സഞ്ചരിക്കുന്നത് തടയുന്നതിന് പ്രത്യേക നിരീക്ഷണമുണ്ടാകും. പോലീസ്, റവന്യൂ, ഗതാഗത, ആരോഗ്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് നീരീക്ഷണസംവിധാനം പ്രവര്‍ത്തിക്കുക. 


ചങ്ങനാശേരി താലൂക്കില്‍ ഇടിഞ്ഞില്ലം (എം.സി. റോഡ്), പായിപ്പാട്, കിടങ്ങറ, നെടുങ്ങാടപ്പള്ളി, വൈക്കം താലൂക്കില്‍ പൂത്തോട്ട, നീര്‍പ്പാറ, അംബിക മാര്‍ക്കറ്റ്, കാഞ്ഞിരപ്പള്ളി  താലൂക്കില്‍ മുണ്ടക്കയം, പ്ലാച്ചേരി, കണമല പാലം(ശബരിമല റോഡ്), മീനച്ചില്‍ താലൂക്കില്‍ നെല്ലാപ്പാറ, മുട്ടം-കാഞ്ഞിരംകവല, പുതുവേലി പാലം ജംഗ്ഷന്‍, വാഗമണ്‍ വഴിക്കടവ് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുക. ചെക്ക് പോസ്റ്റുകള്‍ നടത്തുന്ന പരിശോധനയില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ തുടര്‍ പരിശോധനയ്ക്കായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയയ്ക്കണമെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ പറയുന്നു.


മറ്റു സംസ്ഥാനങ്ങളില്‍നിന്നോ ഹോട്ട് സ്പോട്ട് ജില്ലകളില്‍നിന്നോ പ്രത്യേക അനുമതിയോടെ കോട്ടയത്ത് എത്തുന്നവര്‍ കൊറോണ കണ്‍ട്രോള്‍ റൂമില്‍ (ഫോണ്‍-1077) വിവരം അറിയിക്കുകയും 14 ദിവസം നിരീക്ഷണത്തില്‍ തുടരുകയും വേണം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K