23 April, 2020 06:12:27 PM


കോട്ടയത്ത് വീണ്ടും കോവിഡ്: രോഗം സ്ഥിരീകരിച്ചത് ചുമട്ടു തൊഴിലാളിക്കും ആരോഗ്യപ്രവര്‍ത്തകനും



കോട്ടയം: കോവിഡ് ഭീഷണിയില്‍നിന്നും തല്‍ക്കാലം രക്ഷപെട്ടുനിന്ന കോട്ടയം ജില്ല വീണ്ടും ആശങ്കയിലേക്ക്. കോട്ടയത്ത് ഇന്ന് ചുമട്ടുതൊഴിലാളിക്കും ആരോഗ്യപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചതോടെ ഭാഗികമായി ലോക്ഡൗണ്‍ പിന്‍വലിച്ച കോട്ടയം ജില്ലയിലെ ജനങ്ങള്‍ ഭീതിയിലായി. ഇന്നലെ കോട്ടയം പാലാ സ്വദേശിനിയായ വനിതയ്ക്ക് ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. 


കോട്ടയത്തെ ലോഡിംഗ് തൊഴിലാളി വിജയപുരം സ്വദേശി 37 കാരനും തിരുവനന്തപുരത്ത് സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകനായ ചിങ്ങവനം സ്വദേശി 31 വയസുകാരനുമാണ് കോട്ടയത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴി‍ഞ്ഞ ദിവസം കോട്ടയത്ത് മാര്‍ക്കറ്റില്‍ കൊണ്ടുവന്ന തണ്ണിമത്തന്‍ ഇറക്കുന്നതില്‍ പങ്കാളിയായിരുന്നു ഇന്ന് രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി. ഇയാളുടെ ഉള്‍പ്പെടെ സാമ്പിള്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ സാമ്പിള്‍ എടുത്തിരുന്നു. ഇയാളുടെ ഒഴികെ എല്ലാവരുടെ ഫലവും നെഗറ്റീവ് ആണ്. ഈ ലോറിയുടെ ഡ്രൈവര്‍ക്ക്  പാലക്കാട് രോഗം സ്ഥിരീകരിച്ചിരുന്നു. ഡ്രൈവര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനെതുടര്‍ന്ന് കൂടെയുള്ള സഹായി ആണ് ലോഡ് കോട്ടയത്ത് എത്തിച്ചത്. 


തിരുവനന്തപുരത്ത് ക്വാറന്‍റയിനിലായിരുന്നുവത്രേ ചിങ്ങവനം സ്വദേശി. നീരീക്ഷണകാലാവധി കഴിഞ്ഞതിനാല്‍ ഇയാളെ കാറില്‍ കൊണ്ടുവരികയായിരുന്നു. ഇവിടയെത്തി നിരീക്ഷണത്തില്‍ കഴിയവെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കാറിലെത്തിച്ചയാളുടെ സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.


ഇടുക്കി ജില്ലയിൽ നാലുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. കോവിഡ് വീണ്ടും സ്ഥിരീകരിച്ചതോടെ കോട്ടയം, ഇടുക്കി ജില്ലകള്‍ വീണ്ടും റെഡ് സോണില്‍നിന്നും ഓറഞ്ച് സോണ്‍ ആയി മാറി. ഏലപ്പാറ 2, മണിയാറൻ കുടി 1, നെടുങ്കണ്ടത്ത് പുഷ്പകണ്ടം 1 എന്നിങ്ങനെയാണ് ഇടുക്കിയില്‍ പുതുതായി രോഗം ബാധിച്ചവർ. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയി. പുതിയ രോഗികളെല്ലാവരും വീടുകളിൽ ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. 


എലപ്പാറയിൽ 62 കാരിയായ അമ്മയ്ക്കും 35 കാരനായ മകനുമാണ് രോഗം ബാധിച്ചത്. മൈസൂറിൽ നിന്ന് ബൈക്കിൽ മാർച്ച് 25ന് എത്തിയ മകൻ വീട്ടിൽ തന്നെ  കഴിയുകയായിരുന്നു. മകനിൽ നിന്നാകാം അമ്മയ്ക്ക് രോഗം പകർന്നതെന്ന് കരുതുന്നു. 65 കാരനായ അച്ഛനും ഭാര്യയും ഒമ്പതു മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവർക്ക് രോഗം ബാധിച്ചിട്ടില്ല.


മണിയാറൻകുടി സ്വദേശിയായ 35കാരൻ പൊള്ളാച്ചിയിൽ നിന്ന് ദിവസങ്ങൾക്കു മുമ്പ്  ലോറിയിൽ അങ്കമാലിയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ വരുമ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറൻ്റെയിനിലാക്കി. നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30 കാരിക്ക് ചെന്നൈയിൽ നിന്നാണ് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയിൽ പോയിട്ട് മാർച്ച് 18 ന് വീട്ടിലെത്തിയ ഇവർ ക്വാറൻ്റയിനിൽ കഴിയുകയായിരുന്നു. നാലു പേരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണെന്നു ജില്ലാ കളക്ടർ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K